കോട്ടയം സിഎംഎസ് കോളജിൽ വിദ്യാര്‍ത്ഥി സംഘര്‍ഷം, എസ്എഫ്ഐക്കെതിരെ സംയുക്ത വിദ്യാര്‍ത്ഥിസംഘം

By Web TeamFirst Published Jan 17, 2020, 2:41 PM IST
Highlights

സിഎംഎസ് കോളേജിലെ ഫിസിക്സ് വിഭാഗം വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു എന്ന് ആക്ഷേപിച്ചു കൊണ്ടാണ് പ്രതിഷേധം ആരംഭിച്ചത്.

കോട്ടയം: കോട്ടയം സിഎംഎസ് കോളജിൽ സംഘർഷാവസ്ഥ. സംയുക്ത വിദ്യാർത്ഥി സംഘവും എസ്എഫ്ഐയും തമ്മിലാണ് പ്രശ്നങ്ങളുടലെടുത്തത്. പ്രതിഷേധം അക്രമാസക്തമായതിനെത്തുടര്‍ന്ന് പൊലീസ് ഇടപെട്ട് ലാത്തി വീശി. സിഎംഎസ് കോളേജിലെ ഫിസിക്സ് വിഭാഗം വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു എന്നാരോപിച്ച് കൊണ്ടാണ് പ്രതിഷേധം ആരംഭിച്ചത്. കോളേജ് ടൂറുമായി ബന്ധപ്പെട്ടുണ്ടായ ചിലവിഷയങ്ങളും പ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പുറത്ത് നിന്നെത്തിയവരാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതെന്ന് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു.

സംഘര്‍ഷത്തെത്തുടര്‍ന്ന് എസ്എഫ്ഐയുടെ കോളേജിലെ യൂണിറ്റ് സെക്രട്ടറിയെയടക്കം പൊലീസ് വാഹനത്തില്‍ കയറ്റിയിരിക്കുകയാണ്. ഇതിനെതിരെ എസ്എഫ്ഐ വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി രംഗത്തെത്തി. പെണ്‍കുട്ടികളടക്കം പ്രതിഷേധവുമായി രംഗത്തുണ്ട്. കോളേജിന്‍റെ പുറത്ത് നിന്നെത്തിയവരാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നും ഇവര്‍ കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവരാണെന്നും എസ്എഫ്ഐ പ്രവര്‍ത്തകരല്ലെന്നും കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകയായ വിദ്യാര്‍ത്ഥിനി മാധ്യമങ്ങളോട് പറഞ്ഞു. 'കോളേജ് പ്രിന്‍സിപ്പല്‍ എസ്എഫ്ഐ വിദ്യാര്‍ത്ഥികളെ കേള്‍ക്കാന്‍ തയ്യാറായിട്ടില്ല. എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെ  കോളേജിനുള്ളിലേക്ക് കയറ്റാതെ പ്രശ്നങ്ങളില്‍ ഉള്‍പ്പെട്ട മറ്റ് വിദ്യാര്‍ത്ഥികളെ മാത്രം കോളേജിന് ഉള്ളിലേക്ക് കയറ്റി. അവരുടെ വാക്കുകള്‍ മാത്രമാണ് കോളേജ് പ്രിന്‍സിപ്പല്‍ കേട്ടതെന്നും വിദ്യാര്‍ത്ഥിനി വ്യക്തമാക്കി. 

അതേസമയം വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച  എസ്എഫ്ഐ പ്രവര്‍ത്തകരെ കോളേജിനുള്ളിലേക്ക്  പ്രവേശിപ്പിക്കരുടെന്നാണ് സംയുക്തവിദ്യാര്‍ത്ഥി സംഘത്തിന്‍റെ ആവശ്യം. ഇവരില്‍ എസ്എഫ്ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും എസ്എഫ്ഐയിലെ തന്നെ( എസ്എഫ്ഐ യൂണിയനെ എതിര്‍ക്കുന്ന) ചില വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. ഇവര്‍ ഗേറ്റിനുമുകളില്‍ തടിച്ചുകൂടി എസ്എഫ്ഐ പ്രവര്‍ത്തകരെ ഉള്ളില്‍ പ്രവേശിപ്പിക്കുന്നത് തടയുകയാണ്. രാവിലെ മുതലുള്ള ഈ പ്രശ്നങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. 

"

 

click me!