
കോട്ടയം: കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ്, വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തുകളെ കോവിഡ്-19 ഹോട്ട്സ്‍പോട്ട് പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍. ഇതാവശ്യപ്പെട്ട് കളക്ടര്‍ പി കെ സുധീര്‍ ബാബു ആരോഗ്യവകുപ്പിന് കത്തയച്ചു. കോട്ടയം ജില്ലയില്‍ ഈ രണ്ട് പഞ്ചായത്തുകള്‍ മാത്രമാണ് ഹോട്ട്‍സ്‍പോട്ട് പട്ടികയിലുള്ളത്. എന്നാല്‍ രണ്ടിടങ്ങളും ഹോട്ട്‍സ്‌പോട്ടുകളായി പരിഗണിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് കത്തില്‍ ജില്ലാ കളക്ടർ പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ ഹോട്ട്‍സ്പോട്ട് കേന്ദ്രങ്ങൾ നിർണ്ണയിച്ചതില്‍ അപാകതയെന്നും പരാതി. കൊവിഡ് സ്ഥിരീകരിക്കാത്ത സ്ഥലങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ രോഗം സ്ഥിരീകരിച്ച പല പ്രദേശങ്ങളും പട്ടികയില്‍ വന്നിട്ടുമില്ല. ജില്ലയില്‍ ആകെ 14 ഹോട്ട്‍സ്പോട്ടുകളുണ്ടെന്നാണ് ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്ക്. ആദ്യ പട്ടിക പുറത്തുവന്നത് ഇക്കഴിഞ്ഞ 16നാണ്. കോഴിക്കോട് കോർപ്പറേഷന് പുറമെ എടച്ചേരി, അഴിയൂർ, കിഴക്കോത്ത്, വേളം, ആയഞ്ചേരി, ഉണ്ണികുളം, മടവൂർ, ചെക്കിയാട്, തിരുവള്ളൂർ, നാദാപുരം, ചെങ്ങരോത്ത്, കായക്കൊടി, പഞ്ചായത്തുകളിലെ വിവിധ വാർഡുകളും ഈ പട്ടികയില്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടു.
രണ്ടാമത്തെ പട്ടിക പുറത്തിറക്കിയത് കഴിഞ്ഞ 19നാണ്. ഇതില്‍ വടകര മുൻസിപ്പാലിറ്റി, എടച്ചേരി, അഴിയൂർ, കുറ്റ‍്യാടി എന്നീ പ്രദേശങ്ങളും ഉള്‍പ്പെടുത്തി. ഈ പട്ടികയിലുളള വടകര മുൻസിപ്പാലിറ്റിയിൽ ഒരു കൊവിഡ് കേസ് പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വേളത്ത് രോഗം സ്ഥിരീകരിച്ച വ്യക്തി എയർപോർട്ടിൽ നിന്ന് നേരിട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചതിനാൽ ഇയാൾക്ക് നാട്ടിലാരുമായും സമ്പർക്കം ഉണ്ടായിട്ടുമില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam