
കോട്ടയം: കോട്ടയം കുറവിലങ്ങാട് നിന്നും കാണാതായ വീട്ടമ്മയെ കൊന്ന് കൊക്കയിൽ തള്ളിയതായി കണ്ടെത്തി. ഇടുക്കി കരിമണ്ണൂർ ചെപ്പുകുളത്ത് ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച ജെസിയുടെ ഭർത്താവ് സാം കെ ജോർജിനെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പരസ്ത്രീ ബന്ധം ജെസി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബർ മാസം 26 നാണ് അൻപതുകാരിയായ കാണക്കാരി കപ്പടക്കുന്നേൽ വീട്ടിൽ ജെസി സാമിനെ കാണാതാകുന്നത്. വിദേശത്തുള്ള മക്കൾ 26ന് ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ, പിന്നീട് ബന്ധപ്പെടാൻ കഴിയാതെ വന്നു. 29ന് മക്കൾ ജെസിയുടെ സുഹൃത്തുക്കളെ വിവരമറിയിച്ചതിനെ തുടർന്ന് അവർ പൊലീസിൽ പരാതി നൽകി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് സാമിനെ പറ്റി ചില സംശയങ്ങൾ തോന്നി. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. ബെംഗളൂരുവിലായിരുന്ന സാമിനെ നാട്ടിലെത്തിച്ചപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുൾ അഴിഞ്ഞത്. സെപ്റ്റംബർ 26നാണ് സാം ജോർജ് ജെസിയെ കാണക്കാരിയിലെ വീട്ടിൽ വെച്ച് ശ്വാസം മുട്ടിച്ച് കൊന്നതിനുശേഷം മൃതദേഹം കാറിലാക്കി തൊടുപുഴക്കടുത്ത് ചെപ്പുകുളം കൊക്കയിൽ തള്ളിയത്. ഇയാളുടെ മൊഴി അനുസരിച്ച് ഇന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് 30 അടിയോളം താഴ്ചയുള്ള സ്ഥലത്ത് നിന്ന് മൃതദേഹം കിട്ടിയത്. 2005 മുതൽ ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിവാഹമോചന കേസ് പാലാ കോടതിയിൽ നടന്നുവരികയാണ്.
കേസ് നടക്കുന്നുണ്ടെങ്കിലും ഇരുവരും വീടിന്‍റെ രണ്ടുനിലയിലായിരുന്നു താമസം. സാമിന് വിദേശികളും സ്വദേശികളുമായുള്ള പല സ്ത്രീകളുമായുള്ള ബന്ധമുണ്ടെന്നായിരുന്നു ജെസിയുടെ ആക്ഷേപം. വൈക്കം ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വൈകിട്ടോടെയാണ് കസ്റ്റഡിയിലുള്ള സാമുമായി ഇടുക്കി കരിമണ്ണൂർ ചെപ്പുകുളത്ത് എത്തിയത്. ഒന്നരമണിക്കൂറ് നീണ്ട പരിശ്രമത്തിനൊടുവിൽ കൊക്കയിൽ നിന്നും തൊടുപുഴ അഗ്നിരക്ഷാ സേനാ മൃതദേഹം പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam