
കോട്ടയം: കോട്ടയം മാർക്കറ്റിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. നിയന്ത്രിത മേഖല ആയതോടെ അടച്ചിട്ട കോട്ടയം മാർക്കറ്റ്, നാളെ തുറക്കും.ആദ്യ ഘട്ടത്തിൽ തുറക്കുക മൊത്ത വ്യാപാര സ്ഥാപനങ്ങൾ മാത്രമാണ്. കോട്ടയം തഹസിൽദാർക്കാണ് മേൽനോട്ട ചുമതല.
കർശന നിയന്ത്രണങ്ങളോടെയാണ് വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. മാർക്കറ്റിനുള്ളിലെ ചുമട്ടു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കഴിഞ്ഞ 23ന് മാർക്കറ്റ് പൂർണ്ണമായും അടച്ചിട്ടത്. ലോക്ക് ഡൗണ്‍ സമയത്തും ഏറ്റവും സജീവമായിരുന്ന വ്യാപരകേന്ദ്രമായിരുന്നു കോട്ടയം നഗരത്തിൽ തന്നെയുള്ള മാർക്കറ്റ്.
ഇവിടെ ജോലിചെയ്യുന്ന ചുമട്ടുതൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 10 ദിവസം മുൻപാണ് മാർക്കറ്റ് പൂർണ്ണമായും അടച്ചത്. പെട്ടന്ന് മാർക്കറ്റ് അടച്ചു പൂട്ടിയതോടെ ലക്ഷണക്കിന് രൂപയുടെ പഴവും പച്ചക്കറിയുമാണ് നശിച്ചത്. മാർക്കറ്റിനുള്ളിൽ മറ്റാർക്കും കൊവിഡ് പിടിപെട്ടിട്ടില്ലെന്ന് പരിശോധനയിൽ ബോധ്യമായതോടെയാണ് വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ ജില്ലാഭരണകൂടം അനുമതി നൽകിയത്. കർശന നിയന്ത്രണങ്ങളോടെയാണ് മാർക്കറ്റ് തുറക്കുക. വിൽപ്പനക്കാർക്കും ഉപഭോക്താക്കൾക്കും മാസ്ക് നിർബന്ധമാക്കി. മാർക്കറ്റിനുള്ളിൽ ലോഡിറക്കാൻ പുലർച്ചെ 4 മുതൽ 9 വരെ മാത്രമാണ് അനുമതി.
ലോഡുമായി വരുന്ന ലോറി ജീവനക്കാർക്ക് തെർമൽ സ്കാനർ ഉപയോഗിച്ചുള്ള പരിശോധനകൾക്ക് ശേഷം മാത്രമായിരിക്കും മാർക്കറ്റിലേക്ക് പ്രവേശനം. ടോക്കൺ സംവിധാനവും ഏർപ്പെടുത്തും. എല്ലാ ദിവസവും രാവിലെ 9 മുതൽ 11 മണിവരെ ശുചീകരണം നടത്തണം.11 മുതൽ 5 മണി വരെയാണ് കച്ചവടം നടത്താൻ അനുമതി. സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ മേൽവിലാസവും ഫോൺനമ്പരും ഉൾപ്പെടെയുള്ള വിവരങ്ങൾ കടയുടമകൾ എഴുതി സൂക്ഷിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ചെറുകിട, മൊത്ത വ്യാപാര വിഭാഗങ്ങളിലായി 250 കടകളാണ് കോട്ടയം മാർക്കറ്റിൽ പ്രവർത്തിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam