തിരുവനന്തപുരം വാമനപുരത്ത് ഒരു വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്മൂമ്മ തൊഴിലുറപ്പ് കഴിഞ്ഞ് മടങ്ങി എത്തിയപ്പോഴാണ് കുട്ടിയെ ചലനമറ്റ നിലയിൽ കണ്ടത്.

തിരുവനന്തപുരം: ഒരു വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്‍റെ അമ്മ കസ്റ്റഡിയിൽ. തിരുവനന്തപുരത്തെ വാമനപുരം കണിച്ചോടാണ് സംഭവം. ഒരു വയസ്സുള്ള പവിത്ര എന്ന കുഞ്ഞിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്‍റെ അമ്മൂമ്മ തൊഴിലുറപ്പിന് പോയി മടങ്ങി എത്തിയപ്പോൾ കുഞ്ഞിനെ കിടപ്പുമുറിയിലെ പായയിൽ ചലനമറ്റു കിടക്കുന്നത് കണ്ടു. ഉടൻ തന്നെ കാരേറ്റ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയെ മരിച്ച നിലയിലാണ് കൊണ്ട് വന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊലപാതകമാണെന്ന സംശയത്തിൽ പൊലീസ് കുട്ടിയുടെ അമ്മയെ ചോദ്യംചെയ്തു. താനാണ് കൊല ചെയ്തതെന്ന് കുഞ്ഞിന്‍റെ അമ്മ സമ്മതിച്ചതായി പൊലീസ് പറയുന്നു. കുഞ്ഞിന്‍റെ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസിന്‍റെ സംശയം. കഴുത്തു ഞെരിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കുഞ്ഞിന്‍റെ അച്ഛൻ പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരനാണ്. ദമ്പതികൾക്ക് എട്ടു വയസ്സുള്ള മറ്റൊരു കുട്ടിയുണ്ട്.