
കോട്ടയം: എച്ച് വൺ എൻ വൺ ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതി തള്ളി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതര്‍. ഇക്കാര്യത്തിൽ ഡോക്ടർമാർക്ക് ഒരു പിഴവും പറ്റിയിട്ടില്ലെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. സംഭവം വിവാദമായതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ റിപ്പോര്‍ട്ട് തേടിയിരുന്നു.
പനിയാണെന്നും വെന്‍റിലേറ്റര്‍ വേണമെന്നും രോഗിയുടെ ബന്ധുക്കൾ അറിയിച്ചു. വെന്‍റിലേറ്റര്‍ ഇല്ലാത്തതിനാൽ നിപാ രോഗികൾക്കായി തയ്യാറാക്കിയ പ്രത്യേക വാർഡിലേക്ക് മാറ്റാൻ കഴിയുമോ എന്ന് പി ആർ ഒ അന്വേഷിച്ചു. ഇതിനിടെ അവർ രോഗിയുമായി പോയെന്നാണ് അധികൃതരുടെ വിശദീകരണം. രണ്ട് മണിക്ക് രോഗിയുമായി എത്തിയ ബന്ധുക്കൾ 17 മിനിട്ടിനുള്ളിൽ തിരിച്ച് പോയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
രോഗിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയച്ച കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിക്കും വീഴ്ചയുണ്ടെന്ന് സുപ്രണ്ടിന്‍റെ റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ കോളേജിൽ വെന്‍റിലേറ്റർ സൗകര്യമുണ്ടോയെന്ന് അന്വേഷിക്കാതെയാണ് രോഗിയെ അയച്ചത്. ആബുലൻസിലെ രോഗി ഗുരുതരാവസ്ഥയിലാണെന്ന കാര്യം ബന്ധുക്കൾ ഡോക്ടർമാരെ അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇന്നലെ വൈകുന്നേരമാണ് എച്ച്‍വൺഎൻവൺ പനി ബാധിച്ച് ആശുപത്രിയിലെത്തിയ കട്ടപ്പന സ്വദേശി ജേക്കബ് തോമസ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിലും കോട്ടയത്തെ സ്വകാര്യ ആശുപത്രികളായ കാരിത്താസിലും മാതായിലും ചികിത്സ തേടി എത്തിയെങ്കിലും ആശുപത്രി അധികൃതര്‍ ചികിത്സിക്കാൻ വിസമ്മതിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. മകൾ റെനിയുടെ പരാതിയിൽ ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കും ചികിത്സാ പിഴവിനുമാണ് കേസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam