
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ (Kottayam Medical College) നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണ സമിതികൾ ഇന്ന് റിപ്പോർട്ട് നൽകും. മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർക്കാണ് റിപ്പോർട്ട് നൽകുക. സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് രണ്ട് സമിതികളുടേയും റിപ്പോർട്ടിൽ പറയുന്നത്. ആർഎംഒ, പ്രിൻസിപ്പൽ തല സമിതികളാണ് വീഴ്ച അന്വേഷിച്ചത്.
അതേസമയം, നീതു കുഞ്ഞിനെ തട്ടിയെടുത്ത സമയത്ത് ചുമതലയിൽ ഉണ്ടായിരുന്ന ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. ജീവനക്കാരി സുരക്ഷാ ചുമതലയിൽ ജാഗ്രത കുറവ് കാട്ടി എന്ന നിഗമനത്തെ തുടർന്ന് അന്വേഷണ വിധേയമായാണ് നടപടി.
അതേസമയം, കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് തട്ടിയെടുക്കപ്പെട്ട ശേഷം തിരികെ ലഭിച്ച കുഞ്ഞിന് അജയ എന്ന് പേര് നൽകി. കുഞ്ഞിനെ വീണ്ടെടുത്ത് നൽകിയ എസ്ഐ റെനീഷ് നിർദ്ദേശിച്ച പേരാണിത്. കുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നീതുവിനെ ഏറ്റുമാനൂർ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രതിയെ കോട്ടയത്തെ വനിതാ ജയിലിലാണ് ഉള്ളത്. ഇന്ന് ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. മെഡിക്കൽ കോളജിന് സമീപത്തെ കടയിൽ നിന്നാണ് ഡോക്ടറുടെ കോട്ട് വാങ്ങിയത്. ഈ കടയിലും ഹോട്ടലിലും എത്തിച്ചും തെളിവെടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam