
കോട്ടയം: സർക്കാർ മേഖലയിലെ രണ്ടാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. ഇന്ന് രാവിലെ 10 മണിയോടെയാണ് ശസ്ത്രക്രിയക്ക് തുടക്കമാവുക. കഴിഞ്ഞ തവണത്തെപ്പോലെ രാത്രി വരെ നീണ്ടു നിൽക്കുന്ന ശസ്ത്രക്രിയയാകും നടക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രോഗിയെക്കുറിച്ചോ, കരൾ നൽകുന്നയാളെക്കുറിച്ചോ വിവരങ്ങൾ ഒന്നും പുറത്തു വിട്ടിട്ടില്ല.
കഴിഞ്ഞ ഫെബ്രുവരിയിൽ തൃശൂർ സ്വദേശി സുബീഷ് ആണ് സർക്കാർ മേഖലയിൽ ആദ്യമായി കരൾ മാറ്റ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. അതോടെ ജീവിച്ചിരിക്കുന്നവരിൽ നിന്ന് കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയ ആദ്യത്തെ സർക്കാർ ആശുപത്രി എന്ന പേര് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സ്വന്തമായി, അത് ചരിത്രമായി. ഭാര്യ പ്രവിജയാണ് സുബീഷിന് അന്ന് കരൾ പകുത്തു നൽകിയത്. രണ്ട് മാസങ്ങൾക്കിപ്പുറം മറ്റൊരു ചരിത്രം കൂടിയെഴുതുകയാണ് സർക്കാർ ആരോഗ്യ മേഖല.
ഇത്തവണയും സ്വകാര്യ ആശുപത്രിയുടെ പിന്തുണയോടെയാണ് ശസ്ത്രക്രിയ നടക്കുന്നത്. എങ്കിലും സർക്കാർ മേഖലയെ മാത്രം ആരോഗ്യ പരിപാലനത്തിന് ആശ്രയിക്കുന്ന സാധാരണക്കാർക്ക് ഇത് നൽകുന്ന പ്രതീക്ഷ ചെറുതല്ല. സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇതിനു മുൻപ് മസ്തിഷ്ക മരണം സംഭവിച്ച ആളിൽ നിന്ന് കരൾ മാറ്റിവെക്കൽ ശാസ്‌ഗ്രക്രിയ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്നിട്ടുണ്ടെങ്കിലും അണുബാധയെ തുടർന്ന് ആ രോഗി മരിച്ചിരുന്നു. പിന്നീട് തിരുവനന്തപുരത്ത് കരൾ മാറ്റി വെക്കൽ നടന്നിട്ടില്ല. എന്നാൽ കോട്ടയത്തെ വിജയത്തിന് ശേഷം കോഴിക്കോട്ടും തിരുവനന്തപുരത്തും കരൾ മാറ്റിവെക്കൽ ശാസ്ത്രക്രിയ തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam