തലസ്ഥാനം കേന്ദ്രികരിച്ചുള്ള വൻ ഓൺലൈൻ തട്ടിപ്പില്‍ മുഖ്യപ്രതികളിലൊരാൾ അഹമ്മദാബാദിൽ പിടിയിൽ
തിരുവനന്തപുരം: തലസ്ഥാനം കേന്ദ്രികരിച്ചുള്ള വൻ ഓൺലൈൻ തട്ടിപ്പില്‍ മുഖ്യപ്രതികളിലൊരാൾ അഹമ്മദാബാദിൽ പിടിയിൽ. പാർത്ഥ് എന്ന പ്രതിയാണ് അഹമ്മദാബാദിലെ എയർപോർട്ടിൽ പിടിയിലായത്. അഹമ്മദാബാദിലും സമാനതട്ടിപ്പിന് ഇയാൾക്കെതിരെ കേസുണ്ട്. തട്ടിപ്പിലെ മുഖ്യപ്രതി ആഷിക്ക് ദീപ് ചൗധരിക്കായി അന്വേഷണം തുടരുകയാണ്. റെയ്‌ഡ് തുടങ്ങിയതിന് പിന്നാലെയാണ് പാർത്ഥ് മുംബൈവഴി അഹമ്മദാബാദിൽ എത്തിയത്. എത്ര പണം തട്ടിയെടുത്തുവെന്ന് കണ്ടെത്താൻ വിദഗ്ധ അന്വേഷണം നടത്തണമെന്ന് പൊലീസ് വ്യക്തമാക്കി.
അമേരിക്കകാർക്ക് ലോൺ ആപ്പിലൂടെ വായ്പ നൽകാമെന്ന് പറഞ്ഞയിരുന്നു തട്ടിപ്പ്. കേരളത്തിലെ മറ്റ് ചില സ്ഥലങ്ങളിലും തട്ടിപ്പ് സംഘത്തിന്‍റെ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായാണ് സൂചന. കൂടുതലും വിദേശികളാണ് തട്ടിപ്പിന് ഇരയായവർ. ഇടപാടുകാർ കൂടുതലും അമേരിക്കക്കാരാണ്. ഓപ്പറേഷൻ തൂഫാനിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് സംഘം പൊലീസ് വലയിലായത്. ഇതര സംസ്ഥാന തൊഴിലാളികൾ ലഹരി കച്ചവടം നടത്തുന്ന എന്നായിരുന്നു രഹസ്യ വിവരം. ഇതിന്‍റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോൾ ആണ് തട്ടിപ്പ് കമ്പനി കണ്ടെത്തിയത്.


