കോട്ടയം നാഗമ്പടം പഴയപാലം നാളെ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കും‍

By Web TeamFirst Published Apr 26, 2019, 6:58 AM IST
Highlights

നാളെ 11നും 12നും ഇടയിലാണ് പാലം പൊട്ടിക്കുന്നത്. ഈ സമയം ട്രെയിന്‍ ഗതാഗതവും എംസി റോഡിലൂടെയുള്ള ഗതാഗതവും നിര്‍ത്തിവയ്ക്കും. 

കോട്ടയം: കോട്ടയത്തെ നാഗമ്പടത്തെ പഴയപാലം നാളെ പൊളിക്കും. ചെറുസ്ഫോടക വസ്തുകള്‍ ഉപയോഗിച്ച് നിയന്ത്രിത സ്ഫോടനത്തിലൂടെയാവും പാലം തകര്‍ക്കുക. ട്രെയിന്‍ ഗതാഗതം അധികം തടസപ്പെടുത്താതേയും അമിത മലിനീകരണം ഒഴിവാക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്. പാലം തകര്‍ക്കുന്നത് കണക്കിലെടുത്ത് നാളെ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

പാത ഇരട്ടിപ്പിക്കുന്നതിന്റ ഭാഗമായി പുതിയ പാലം നിർമ്മിച്ചതിനെ തുടർന്നാണ് പഴയപാലം പൊളിക്കുന്നത്. 1953-ലാണ് നാഗമ്പടം പാലം നിർമ്മിക്കുന്നത്. കോട്ടയം പാത വൈദ്യുതീകരിച്ചപ്പോൾ ചെറുതായൊന്നുയർത്തി. എന്നാൽ പാലത്തിന് വീതി കുറവായതിനാൽ കോടതി ഉത്തരവ് പ്രകാരം ഇവിടം വേഗത കുറച്ചാണ് ട്രെയിനുകൾ കടത്തിവിടുന്നത്.  

പുതിയ പാലം വന്നതോടെ പഴയപാലം പൊളിക്കാൻ ദിവസങ്ങളായി നടപടികൾ തുടങ്ങിയിരുന്നു. ചെറിയ സ്ഫോകടവസ്തുവച്ച് പൊളിക്കാൻ തീരുമാനിച്ചെങ്കിലും ഉത്സവാവധിയും തെരഞ്ഞെടുപ്പും കാരണം നീണ്ടുപോയി. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഗലിംഗ് എന്ന കമ്പനിയാണ് പാലം പൊളിക്കുന്നത്

പാലത്തിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച് കഴിഞ്ഞു. നാളെ രാവിലെ ഒൻപതരക്ക് ശേഷം പാലത്തിനടിയിലെ വൈദ്യുതിലൈൻ മാറ്റും തുടർന്ന് ട്രാക്ക് മണൽചാക്കും തടിയും കൊണ്ട് സുരക്ഷിതമായി മൂടും. ഇതിനു ശേഷമായിരിക്കും സ്ഫോടനം നടത്തുക. പാലം തകര്‍ന്നു കഴിഞ്ഞാല്‍ ഉടൻ ട്രാക്ക് പഴയപടിയിലാക്കാനുള്ള നടപടികൾ തുടങ്ങും. നാളെ 11നും 12നും ഇടയിലാണ് പാലം പൊട്ടിക്കുന്നത്. ഈ സമയം എംസി റോഡിലും ഗതാഗതം നിരോധിക്കും. വൈകുന്നേരത്തോടെ ട്രാക്ക് പൂർവ്വസ്ഥിതിയിലാക്കുമെന്നാണ് റെയിൽവേ അധികൃതര്‍ അറിയിക്കുന്നത്. 

click me!