പാര്‍ട്ടി പ്രതികള്‍ക്ക് പരോള്‍ നൽകുന്നതിനെതിരെ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്കരിച്ചു. സര്‍ക്കാരിനും സിപിഎമ്മിനും ക്രിമിനലുകളെ ഭയമാണെന്ന് വിഡി സതീശൻ

തിരുവനന്തപുരം:ക്രിമിനൽ കേസുകളിൽപെട്ട സിപിഎം ബന്ധമുള്ള പ്രതികൾക്ക് വാരിക്കോരി പരാൾ അനുവദിക്കുന്നതിൽ അടിയന്തിര പ്രമേയ നോട്ടീസ് തള്ളിയതിൽ നിയമസഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം. നോട്ടീസ് നൽകിയ കെകെ രമക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ഭയമാണോ എന്ന് വിഡി സതീശൻ ചോദിച്ചു. സ്വർണ്ണക്കൊള്ള അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് രണ്ട് പ്രതിപക്ഷ എംഎൽഎമാർ സഭ കവാടത്തിൽ സത്യാഗ്രഹസമരം തുടങ്ങി. സ്വർണ്ണക്കൊള്ളയിൽ പലവട്ടം സഭക്കുള്ളിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോരുണ്ടായി.

സഭയിൽ പ്രതിഷേധിച്ചതിന് പിന്നാലെ പ്ലക്കാര്‍ഡുകളും ബാനറുമായി പ്രതിപക്ഷാംഗങ്ങള്‍ സഭ വിട്ട് പുറത്തിറങ്ങുകയായിരുന്നു. സര്‍ക്കാരിനും സിപിഎമ്മിനും ക്രിമിനലുകളെ ഭയമാണെന്നും അനാവശ്യമായി പാര്‍ട്ടി കുറ്റവാളികള്‍ക്ക് പരോള്‍ വാരിക്കോരി നൽകുകയാണെന്നും വിഡി സതീശൻ ആരോപിച്ചു. ജീവപര്യന്തം ശിക്ഷ ലഭിച്ച ആൾക്ക് ഒരു മാസത്തിൽ മൂന്നു തവണ പരോൾ നൽകി. ടി പി കേസ് പ്രതികൾക്ക് മൂന്നുവർഷം പരോൾ ലഭിച്ചു. ജയിൽ ഡി ഐ ജിപിയെ സസ്പെൻഡ് ചെയ്യേണ്ടി വന്നു. ഗൗരവമേറിയ കാര്യമാണ് സഭയിൽ ഉന്നയിച്ചത്. എന്നാൽ, ഇതിന് മറുപടി നൽകാതെ മുഖ്യമന്ത്രി ഒളിച്ചോടി. കെ കെ രമയ്ക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ഭയം ആണോയെന്നും വിഡി സതീശൻ ചോദിച്ചു. പരോൾ മാനദണ്ഡം പോലും ലംഘിച്ചു.

കുഞ്ഞികൃഷ്ണൻ കോടതിയിൽ പോയി സംരക്ഷണം തേടി. കുഞ്ഞികൃഷ്ണനെ വധിക്കാനാണോ കുറ്റവാളിയെ പുറത്തിറക്കിയത് എന്ന് സംശയമുണ്ട്. ഈ വിഷയം നിയമസഭയിൽ പറയാനുള്ള ഗൗരവം ഇല്ലേ. നിയമസഭയിൽ അല്ലാതെ പുത്തരിക്കേണ്ടത്ത് ആണോ വിഷയം ചർച്ച ചെയ്യേണ്ടത്. പ്രതികളെ ഭയന്നാണ് സിപിഎം ജീവിക്കുന്നത്. അനധികൃതമായാണ് പരോളുകൾ നൽകുന്നതെന്നും വിഡി സതീശൻ ആരോപിച്ചു. രാവിലെ സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നൽകി. എന്നാൽ, നോട്ടീസ് തള്ളിയതിന് പിന്നാലെ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കര്‍ക്ക് മുന്നിലെത്തി പ്രതിഷേധിച്ചു. ഇതിനുപിന്നാലെ സ്പീക്കര്‍ സഭാനടപടികള്‍ തുടര്‍ന്നു. 

സഭാനടപടികള്‍ തുടരുന്നതിനിടെയും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നു. മന്ത്രി വി ശിവൻകുട്ടിയും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ സഭയിൽ വാക്ക്പോരുണ്ടായി. ഭരണ പക്ഷത്തെ വിരട്ടാൻ വരരുതെന്നും നാളുകള്‍ എണ്ണപ്പെട്ടുവെന്ന വിരട്ടൊന്നും വേണ്ടെന്നും വി ശിവൻകുട്ടി പറഞ്ഞു. ഞങ്ങളാരും ഓട് പൊളിച്ച് വന്നവരല്ലെന്നും മന്ത്രിമാരുടെ നേരെ വരണ്ടെന്നും സ്വർണ്ണ കള്ളൻമാർ പോയത് സോണിയയെ കാണാനാണെന്നും വി ശിവൻകുട്ടി പറഞ്ഞു. ഇതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി തിരിച്ചടിച്ചു. ഭരണപക്ഷവും ശിവൻകുട്ടിക്കൊപ്പം ചേര്‍ന്ന് മുദ്രാവാക്യം വിളിച്ചു. ഇതിനിടയിൽ സംസാരം തുടരാൻ സ്പീക്കര്‍ ശിവൻകുട്ടിയോട് ആവശ്യപ്പെട്ടു. ഗർഭച്ഛിദ്രം നടത്തിയ വീരന്മാർ പോകൂ പോകൂ എന്ന് കെ.ടി ജലീൽ മുദ്രാവാക്യം വിളിച്ചു.

അടിയന്തര പ്രധാന്യമില്ലെന്നും നോട്ടീസ് പരിഗണിക്കാനാകില്ലെന്നും വ്യക്തമാക്കിയാണ് സ്പീക്കര്‍ തള്ളിയത്. എന്നാൽ, സർക്കാരിന് സൗകര്യം ഇല്ലാത്ത കാര്യങ്ങളിൽ ചർച്ച വേണ്ടന്നതാണ് സ്പീക്കറുടെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ചട്ടം ലംഘിച്ച പരോളും പരോളിലിറങ്ങി ചെയ്യുന്ന ക്രിമിനൽ പ്രവർത്തനവും ഗൗരവമല്ലേ എന്ന് വിഡി സതീശൻ ചോദിച്ചു.ക്രിമിനലുകൾ തെരുവിൽ ഇറങ്ങുന്ന സ്ഥിതിയാണെന്നും പൊലീസിനെ സ്റ്റീൽ ബോംബ് എറിഞ്ഞ പ്രതി തെരുവിലാണെന്നും വിഡി സതീശൻ പറഞ്ഞു.പരോള്‍ നൽകുന്നത് ചട്ടപ്രകാരമാണെന്നും പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണെന്നും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. അടിയന്തര പ്രമേയം തള്ളുമെന്ന് അറിഞ്ഞുകൊണ്ടാണ് പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിക്കാൻ കണക്കാക്കി എത്തിയതെന്ന് സ്പീക്കര്‍ ആരോപിച്ചു.

ജെബി കോശി കമ്മീഷൻ റിപ്പോര്‍ട്ടിൽ മന്ത്രി വി അബ്ദുറഹ്മാൻ

സഭയിൽ ബഹളം തുടരുന്നതിനിടെ ജെബി കോശി കമ്മീഷൻ റിപ്പോര്‍ട്ടിൽ മന്ത്രി വി അബ്ദുറഹ്മാൻ മറുപടി നൽകി. കേരളത്തിലെ ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ആണ് ഇടതുസർക്കാർ ജെബി കമ്മീഷനെ നിയോഗിച്ചത്. 284 പ്രധാന ശുപാർശകളാണുള്ളത്. നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ കമ്മിറ്റിയെ നിയോഗിച്ചു. നിർദ്ദേശങ്ങൾ നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. മന്ത്രിയുടെ അധ്യക്ഷതയിൽ വകുപ്പുകളുടെ അവലോകന യോഗങ്ങൾ ചേർന്നു. ശൂപാർശകൾ 36 വകുപ്പുകളിലൂടെ നടപ്പിലാക്കേണ്ടത്. വകുപ്പ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി പ്രത്യേക നിർദ്ദേശം നൽകി. ന്യൂനപക്ഷ വകുപ്പിന്റെ കീഴിലുള്ള 40 ശുപാർശകളിൽ 31 എണ്ണവും നടപ്പിലാക്കി കഴിഞ്ഞുവെന്നും മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. സഭാ നടപടികള്‍ പുരോഗമിക്കുന്നതിനിടെ പ്രതിഷേധം തുടര്‍ന്ന പ്രതിപക്ഷം രാവിലെ 11ഓടെ സഭ ബഹിഷ്കരിക്കുകയായിരുന്നു.

YouTube video player