മീനച്ചിലാര്‍ പുഴ കര കവിഞ്ഞൊഴുകി; വെള്ളത്തിൽ മുങ്ങി പാല ന​ഗരം

By Web TeamFirst Published Aug 9, 2019, 6:30 PM IST
Highlights

കോട്ടയം ജില്ലയില്‍ ആകെ 20 ക്യാമ്പുകളിലായി 404 പേര്‍ കഴിയുന്നതായാണ് റിപ്പോർട്ട്. 
 

കോട്ടയം: കനത്ത മഴയെത്തുടർന്ന് മീനച്ചിലാർ പുഴ കരകവിഞ്ഞൊഴുകിയതോടെ കോട്ടയം പാല ​ന​ഗരം വെള്ളത്തിനടിയിലായി. പുലര്‍ച്ചെ നാല് മണിയോടെയാണ് പാല നഗരം വെള്ളത്തിനടിയിലായത്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളത്തിന്റെ ഒഴുക്ക് ശക്തമാകുകയാണ്. ഇന്ന് പുലര്‍ച്ചെ ഈരാറ്റുപേട്ട അടുക്കത്ത് ഉരുള്‍പൊട്ടലുണ്ടായി.

ഉരുള്‍‍പൊട്ടലിന്‍റെ ആഘാതത്തിലാണ് മീനച്ചിലാറ്റിലേക്ക് വെള്ളം കുതിച്ചൊഴുകിയത്. ന​ഗരത്തിലടക്കം വാഹനഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. നഗരത്തിലെ കടകള്‍ വെള്ളം കയറി നശിച്ചു. ഈരാറ്റുപേട്ട കോസ് വേ പാലം പൂര്‍ണ്ണമായും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ഈരാറ്റുപേട്ട നഗരത്തിലും വെള്ളം ഉയരാൻ തുടങ്ങിയിട്ടുണ്ട്. ഇവിടെയുള്ള മൂന്ന് തുരുത്തുകളും ഒറ്റപ്പെട്ട നിലയിലാണ്. മണ്ണിടിച്ചിൽ ശക്തമായതിനെ തുടർന്ന് വാഗമണ്‍ റൂട്ടിലേക്കുള്ള യാത്ര ദുഷ്കരമായി.

അതേസമയം, മണിമലയാർ പുഴയും കരകവിഞ്ഞൊഴുകുകയാണ്. പുഴയിലൂടെ ഇഴജന്തുക്കള്‍ ഒഴുകി വരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നതായി അധികൃതർ പറഞ്ഞു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലേക്ക് എളുപ്പം വെള്ളം കയറാൻ സാധ്യതയുള്ളതിനാല്‍ ജില്ലാഭരണകൂടം മുൻകരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

തലയോലപ്പറമ്പില്‍ സ്കൂളിന് മുകളില്‍ വീണ മരം മുറിക്കാൻ കയറിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥൻ കാല്‍ തെന്നി താഴെ വീണ് അപകടം സംഭവിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ അഭിജിത്തിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ ആകെ 20 ക്യാമ്പുകളിലായി 404 പേര്‍ കഴിയുന്നതായാണ് റിപ്പോർട്ട്.

കനത്ത മഴയിൽ ഇന്ന് 104 വീടുകള്‍ക്ക് കേടുപാടുകളുണ്ടായിട്ടുണ്ട്. ഏറ്റുമാനൂരില്‍ രാവിലെ പാളത്തില്‍ മരം വീണതിനെത്തുടര്‍ന്ന് ട്രെയിൻ ഗതാഗതം ഒന്നര മണിക്കൂര്‍ തടസപ്പെട്ടു. ഉച്ചയ്ക്ക് ശേഷം മഴ കാര്യമായി പെയ്യാത്തത് കോട്ടയത്തിന് നേരി‌യ ആശ്വാസം നല്‍കുന്നുണ്ട്.  
 

click me!