
കോട്ടയം: 2011ലെയും 12ലെയും റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച കോട്ടയത്തെ റെയിൽവേ കോച്ചിംഗ് ടെർമിനൽ ഏഴ് വർഷമായിട്ടും നടപ്പാക്കിയിട്ടില്ല. കോട്ടയത്തിനൊപ്പം പ്രഖ്യാപിച്ച നേമം ടെർമിനലിന്‍റെ നിർമ്മാണോദ്ഘാടനം നടന്നിട്ടും കോട്ടയം ടെർമിനൽ ഉപേക്ഷിച്ച മട്ടിലാണ്.
2011ലെ റെയിൽവേ ബജറ്റിൽ മന്ത്രി മമതാ ബാനർജിയാണ് കേരളത്തിൽ രണ്ട് പുതിയ ടെർമിനൽ ഉൾപ്പടെ രാജ്യത്ത് നാല് ടെർമിനലുകൾ പ്രഖ്യാപിച്ചത്. കേരളത്തിലെ രണ്ടെണ്ണവും സ്ഥലം ഏറ്റെടുക്കാൻ കഴിയാത്തത് മൂലം നിർമ്മാണം വൈകിയ അവസ്ഥയിലാണ്.
നേമത്ത് റെയിൽവേ കോച്ചിങ് ടെർമിനലിന് സ്ഥലം ലഭിച്ചു. നിർമ്മാണത്തിനായി 77 കോടി രൂപ അനുവദിയ്ക്കുകയും ചെയ്തു. കോട്ടയം ടെർമിനലിന് നിർദ്ദേശിച്ച സ്ഥലം കോടിമതയാണ്. എന്നാൽ, ഇത് റെയിൽവേ നിരാകരിച്ചു. ഇതോടെയാണ് പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടത്.
കോട്ടയത്ത് സ്ഥലമില്ലെങ്കിൽ ചിങ്ങവനത്തും തുടങ്ങാമെന്നാണ് മറ്റൊരു നിർദ്ദേശം. റെയിൽവേ സ്റ്റേഷനടുത്ത് തന്നെ മുൻസിപ്പാലിറ്റിയുടെ സ്ഥലമുണ്ട്. ആളുകളെ ഒഴിപ്പിക്കാതെ തന്നെ ടെർമിനൽ നിർമ്മിക്കാമെന്നാണ് നിർദ്ദേശം.
എന്നാൽ, കോട്ടയം നഗരത്തിൽ കോടിമതയിലല്ലാതെ മറ്റൊവിടെയായാലും ജനങ്ങളെ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് ജനപ്രതിനിധികളുടെ പക്ഷം. ഏതായാലും പ്രഖ്യാപിച്ച് പദ്ധതി 7 വർഷമായിട്ടും നടപ്പിലാക്കാൻ കഴിയാത്തത് വലിയ വീഴ്ചയായാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam