
കോഴിക്കോട് : കത്രിക രൂപത്തിലുള്ള ശസ്ത്രക്രിയ ഉപകരണം യുവതിയുടെ വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ ന്യായീകരണം പൊളിയുന്നു. എന്തോ ഒരു ചെറിയ സാധനം വയറ്റിൽ കുടുങ്ങിയതാണെന്നും അത് മറ്റേതോ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയപ്പോൾ സംഭവിച്ചതാണെന്നുമുള്ള പ്രിന്‍സിപ്പാളിന്‍റെ വാദമാണ് കളവാണെന്ന് തെളിയുന്നത്.
ആശുപത്രിക്ക് പറ്റിയ തെറ്റ് ഡോക്ടർമാർ സമ്മതിക്കുന്നതും വയറ്റിൽ നിന്ന് പുറത്തെടുത്ത ഉപകരണം സൂപ്രണ്ട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് തുറന്നു പറയുന്നതിന്‍റെയും ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയുടെ ന്യായീകരണങ്ങളെല്ലാം കളവാണെന്ന് ഹർഷിന പറയുന്നത് വെറുതെയല്ല, തെളിവുകളുണ്ട്. വയറിനുള്ളിൽ കുടുങ്ങിയ ഉപകരണം പുറത്തെടുത്ത ശസ്ത്രക്രിയയ്ക്ക് ശേഷം, ഹർഷിനയുടെ ഭർത്താവ് ഡോക്ടർമാരുമായി സംസാരിക്കുന്നുണ്ട്.
സംഭവിച്ചതെല്ലാം സമ്മതിക്കുന്നു. നിർബന്ധത്തിന് വഴങ്ങി, വയറ്റിൽ നിന്ന് പുറത്തെടുത്ത ഉപകരണം ഡോക്ടർമാർ കാണിച്ചുകൊടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എല്ലാം അറിയുന്ന മെഡിക്കൽ കോളേജ് അധികൃതർ തന്നെ തനിക്ക് നേരെ തിരിയുമ്പോൾ, പ്രിൻസിപ്പാൾ പ്രഖ്യാപിച്ച ആഭ്യന്തര അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ഹർഷിന പറയുന്നു.
'പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ല'; വിശദീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്