കോഴിക്കോട് ബൈപ്പാസ് വികസനം: കുരുക്കായി നിര്‍മ്മാണ കമ്പനിയുടെ ഒളിച്ചു കളി

By Web TeamFirst Published Jul 28, 2019, 8:19 AM IST
Highlights

കുതിരാന്‍ തുരങ്കപാത ഉള്‍പ്പെടുന്ന തൃശൂര്‍-വടക്കാഞ്ചേരി പാത നിര്‍മ്മിക്കുന്ന കമ്പനിയാണ് കോഴിക്കോട് ബൈപ്പാസ് ആറ് വരിയാക്കാനുള്ള കരാറും കിട്ടിയിരിക്കുന്നത്. കുതിരാന്‍ പദ്ധതി അനന്തമായി നീളുന്നതിനിടെയാണ് അതേഗതി കോഴിക്കോട് ബൈപ്പാസിനും വന്നിരിക്കുന്നത്. 

കോഴിക്കോട്: ദേശീയപാത ബൈപ്പാസ് വികസനത്തിന് കുരുക്കായി സ്വകാര്യ കമ്പനിയുടെ ഒളിച്ചുകളി. കോഴിക്കോട്ടെ രാമനാട്ടുകര- വെങ്ങളം ബൈപ്പാസ് ആറുവരിയാക്കാന്‍ 1710 കോടിയുടെ കരാര്‍ എറ്റെടുത്ത ഹൈദരാബാദ് ആസ്ഥാനമായ കമ്പനി ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രവൃത്തി തുടങ്ങിയില്ല. വാഹനസാന്ദ്രത കൂടിയ ദേശീയപാത ബൈപ്പാസില്‍ അപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ ഉടന്‍ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ദേശീയ പാത അതോറിറ്റിക്ക് കത്തയച്ചിട്ടുണ്ട്. 

28 കിലോമീറ്റര്‍ ദൂരമുളള രാമാനാട്ടുകര-വെങ്ങളം ബൈപ്പാസ് ആറു വരിയാക്കാനായി 2018 ഏപ്രില്‍18ന് കരാറൊപ്പിട്ടും ഇതുവരെ പ്രവര്‍ത്തി ആരംഭിച്ചിട്ടില്ലെന്നും റോഡ് തകര്‍ന്നതു മൂലം അപകടങ്ങള്‍ പെരുകുന്നുവെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ ദേശീയ പാത അതോറിറ്റക്കയച്ച കത്തില്‍ പറയുന്നു. വെങ്ങളം മുതല്‍ തൊണ്ടയാട് വരെയുളള ഭാഗത്താണ് റോഡിന്‍റെ സ്ഥിതി ഏറെ പരിതാപകരം. റോഡ് ഈ നിലയില്‍ തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാകുമെന്നും കളക്ടര്‍ കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

ഹൈദരാബാദ് ആസ്ഥാനമായ കെഎംസി എന്ന കമ്പനിയാണ് ദേശീയപാതയിലെ രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് ആറു വരിയാക്കാനും അനുബന്ധ പ്രവൃത്തികള്‍ക്കുമുളള 1710 കോടിയുടെ ടെന്‍ഡര്‍ എടുത്തത്. പദ്ധതി നടത്തിപ്പിനായി പ്രത്യേക കമ്പനി രൂപീകരിച്ചതല്ലാതെ പിന്നീടൊന്നുമുണ്ടായില്ല. കമ്പനിക്ക് സാമ്പത്തിക ഭദ്രതയില്ലാത്തതാണ് പ്രവൃത്തി വൈകാന്‍ കാരണമെന്ന് ദേശീയ പാത വൃത്തങ്ങള്‍ പറയുന്നു. 

കുതിരാന്‍ തുരങ്കപാത ഉള്‍പ്പെടുന്ന തൃശൂര്‍-വടക്കാഞ്ചേരി പാത നിര്‍മാണമേറ്റെടുത്തതും ഇതേ കമ്പനിയാണ്. ഈ പ്രവൃത്തിയും ഒരു വര്‍ഷത്തോളമായി നിലച്ചിരിക്കുകയാണ്. ഇക്കാര്യങ്ങളിലുളള അമര്‍ഷം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് പറഞ്ഞു. രാമനാട്ടുകര-വെങ്ങളം ബൈപ്പാസിലെ കുഴികള്‍ അടയ്ക്കാനായി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
 

click me!