പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: പ്രതിക്ക് അവസരമായത് അക്കൗണ്ടുകൾ പരിശോധിക്കുന്നതിൽ കോർപറേഷൻ കാട്ടിയ അലംഭാവം

Published : Dec 03, 2022, 07:25 AM ISTUpdated : Dec 03, 2022, 07:41 AM IST
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: പ്രതിക്ക് അവസരമായത് അക്കൗണ്ടുകൾ പരിശോധിക്കുന്നതിൽ കോർപറേഷൻ കാട്ടിയ അലംഭാവം

Synopsis

ബാങ്ക് അക്കൗണ്ടുകൾക്ക് പകരം ട്രഷറിയിൽ പണം നിക്ഷേപിക്കണമെന്ന് സർക്കാർ നിർദ്ദേശം ഉണ്ടെങ്കിലും കോഴിക്കോട് കോർപ്പറേഷൻ അടക്കമുള്ള ഒട്ടുമിക്ക തദ്ദേശഭരണ സ്ഥാപനങ്ങളും ഇപ്പോഴും നിരവധി ബാങ്ക് അക്കൗണ്ടുകളാണ് സൂക്ഷിക്കുന്നത്

കോഴിക്കോട്: മാസത്തിലൊരിക്കലെങ്കിലും തദ്ദേശഭരണ സ്ഥാപനങ്ങളിലെ അക്കൗണ്ടുകൾ തിട്ടപ്പെടുത്തണമെന്ന നിർദ്ദേശം അവഗണിച്ചതാണ് കോഴിക്കോട് കോര്‍പറേഷന്‍ അക്കൗണ്ടില്‍ നിന്ന് കോടികള്‍ തട്ടാന്‍ പഞ്ചാബ് നാഷണൽ ബാങ്ക് മാനേജര്‍ രജിലിന് അവസരമൊക്കിയത്. ബാങ്ക് അക്കൗണ്ടുകൾക്ക് പകരം ട്രഷറി അക്കൗണ്ടിൽ പണം നിക്ഷേപിക്കണമെന്ന നിർദ്ദേശവും ലംഘിക്കപ്പെട്ടു. തട്ടിപ്പിന്‍റെ പശ്ചാത്തലത്തിൽ നിത്യേന അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാനാണ് കോഴിക്കോട് കോർപ്പറേഷന്‍റെ തീരുമാനം.

പഞ്ചാബ് നാഷണൽ ബാങ്ക് ഉൾപ്പെടെ വിവിധ ബാങ്കുകളിലായി കോഴിക്കോട് കോർപ്പറേഷന് ഉള്ളത് 50 ഓളം അക്കൗണ്ടുകളാണ്. ഇതിൽ 7 അക്കൗണ്ടുകളിൽ നിന്നാണ് പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ രിജില്‍ പണം തട്ടിയത്. കോർപ്പറേഷന്‍റെ വിവിധ അക്കൗണ്ടുകളിൽ നിന്ന് രിജില്‍ പിതാവ് രവീന്ദ്രന് പഞ്ചാബ് നാഷണൽ ബാങ്കിൽ തന്നെയുള്ള അക്കൗണ്ടിലേക്ക് മാറ്റാൻ തുടങ്ങിയിട്ട് മാസങ്ങളായെന്നാണ് പുറത്ത് വരുന്ന വിവരം. പിതാവിന്‍റെ അക്കൗണ്ടില്‍ നിന്ന് രജില്‍ ആക്സിസ് ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിക്കൊണ്ടുമിരിന്നു. എന്നാല്‍ കോർപ്പറേഷൻ അധികൃതർ ഇതൊന്നും അറിഞ്ഞതേയില്ല. 

തദ്ദേശഭരണ സ്ഥാപനങ്ങളുടെ  അക്കൗണ്ടുകൾ മാസത്തിൽ ഒരിക്കലെങ്കിലും തിട്ടപ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ നിർദേശം. ഈ നിർദ്ദേശം പാലിച്ചിരുന്നുവെങ്കിൽ തട്ടിപ്പ് തുടക്കത്തിലേ കണ്ടെത്താമായിരുന്നു എന്ന് ചുരുക്കം. കോഴിക്കോട് കോർപ്പറേഷനിലെ അക്കൗണ്ട് വിഭാഗത്തിന്‍റെ പോരായ്മകളെ കുറിച്ച് കഴിഞ്ഞ വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പറയുന്നത്, ആഴ്ചയിൽ ബാങ്ക് സ്റ്റേറ്റ്മെൻറ് എടുത്ത് അടവുകളെല്ലാം വന്നു എന്ന് ഉറപ്പിക്കേണ്ടതാണെങ്കിലും അത്തരമൊരു പ്രവർത്തി നടന്നതായി കാണുന്നില്ല എന്നാണ്. ലഭിക്കുന്ന ചെക്കുകൾ പാസായോ എന്ന് ബാങ്കുകളിൽ വിളിച്ചു ചോദിക്കുന്ന രീതിയാണ് ഉള്ളത്. ഇക്കാരണത്താൽ നിത്യ വരവ് അക്കൗണ്ടിൽ പണം ക്രെഡിറ്റ് ആയി എന്ന് പരിശോധിക്കുന്ന രീതിയില്ല എന്നും ഓഡിറ്റ് കുറ്റപ്പെടുത്തുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഇനിമുതൽ അക്കൗണ്ട് എല്ലാ ദിവസവും പരിശോധിക്കുമെന്നായിരുന്നു ഇന്നലെ മേയർ നടത്തിയ പ്രതികരണം. 

ബാങ്ക് അക്കൗണ്ടുകൾക്ക് പകരം ട്രഷറിയിൽ പണം നിക്ഷേപിക്കണമെന്ന് സർക്കാർ നിർദ്ദേശം ഉണ്ടെങ്കിലും കോഴിക്കോട് കോർപ്പറേഷൻ അടക്കമുള്ള ഒട്ടുമിക്ക തദ്ദേശഭരണ സ്ഥാപനങ്ങളും ഇപ്പോഴും നിരവധി ബാങ്ക് അക്കൗണ്ടുകളാണ് സൂക്ഷിക്കുന്നത്. ഈ രീതിയില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചും തട്ടിപ്പിന്‍റെ പശ്താത്തലത്തില്‍ കോര്‍പറേഷന്‍ ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്. ഏറെക്കാലമായി കാര്യമായ ഇടപാടുകള്‍ ഇല്ലാതിരുന്ന അക്കൗണ്ടുകളില്‍ നിന്ന് കോടികള്‍ തട്ടാനുളള ക്രിമിനല്‍ ബുദ്ധി ഒന്നോ രണ്ടോ പേരുടേതാകാം എന്ന സംശയവുമുണ്ട്. എന്നാല്‍ കാലാകാലങ്ങളില്‍ ഓഡിറ്റ് വിഭാഗവും സര്‍ക്കാരും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിയത് ഈ തട്ടിപ്പുകാര്‍ക്കെല്ലാം അസവരമൊരുക്കി എന്നത് നിഷേധിക്കാനാവാത്ത കാര്യമാണ്.

PREV
Read more Articles on
click me!

Recommended Stories

അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണം: ലക്ഷങ്ങൾ വിലമതിക്കുന്ന പെയിൻ്റിങ് മെഷീൻ മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ
'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്