
കോഴിക്കോട്: കോഴിക്കോട് കോർപറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടുകളിൽ നിന്ന് നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ബാങ്കിന്റെയും കോർപറേഷന്റെയും കണക്കുകളിൽ പൊരുത്തക്കേട്. നഷ്ടപ്പെട്ടത് 15 കോടി 24 ലക്ഷമെന്നാണ് കോഴിക്കോട് കോര്‍പറേഷന്‍ മേയർ ബീന ഫിലിപ്പ് പറഞ്ഞത്. എന്നാൽ രെജില്‍ തട്ടിയെടുത്തത് 12 കോടി മാത്രമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിൽ നിന്ന് വിവരം ലഭിച്ചു. രെജില്‍ പിതാവിന്‍റെ അക്കൗണ്ടില്‍ നിന്ന് ആക്സിസ് ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് 12 കോടി രൂപയാണ്. കോർപറേഷന്റെ അക്കൗണ്ടിന് പുറമെ, മറ്റ് അക്കൗണ്ടുകളിൽ നിന്നുള്ള തുകകളും രെജിൽ അച്ഛന്റെ അക്കൗണ്ടിലേക്ക് മാറ്റി. ആക്സിസ് ബാങ്കിൽ രെജിൽ ട്രേഡിങ് അക്കൗണ്ട് എടുത്തിരുന്നു. അതേസമയം പഞ്ചാബ് നാഷണൽ ബാങ്കിൽ പരിശോധന തുടരുകയാണ്.
അതേസമയം കേസ് എടുത്ത് നാലു ദിവസം കഴിഞ്ഞിട്ടും രെജില്‍ എവിടെയെന്ന് കണ്ടെത്താന്‍ പൊലീസിന് ആയിട്ടില്ല. കോഴിക്കോട് കോര്‍പറേഷന്‍റെ ഏഴ് അക്കൗണ്ടുകളില്‍ നിന്നായി 15 കോടി 24 ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായാണ് കോര്‍പറേഷന്‍റെ കണക്ക്. ഈ തുക മൂന്ന് ദിവസത്തിനകം തിരികെ നിക്ഷേപിക്കുമെന്ന് ബാങ്ക് അധികൃതര്‍ കോര്‍പറേഷന് ഉറപ്പ് നല്‍കിയിട്ടുണ്ട്. തട്ടിയെടുത്ത് തുക രെജില്‍ ഓണ്‍ലൈന്‍ ഗെയിമുകളിലും ഊഹക്കച്ചവടങ്ങളിലുമായി ചെലവിട്ടതായാണ് സൂചനയെങ്കിലും ഇക്കാര്യത്തിലും വ്യക്തതയില്ല. ഇതിന് പുറമെ രെജിൽ കൂടുതൽ അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയോയെന്ന് കൂടെ ബാങ്ക് പരിശോധിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam