മയ്യനാട് സഹകരണ ബാങ്കിൽ നടന്നത് വൻ തട്ടിപ്പെന്ന് സഹകരണ വകുപ്പ്; റിപ്പോർട്ട് പൂഴ്ത്തിവെച്ചു

By Web TeamFirst Published Dec 3, 2022, 6:14 AM IST
Highlights

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് മയ്യനാട് സർവ്വീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്തത്

കൊല്ലം: മയ്യനാട് സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകൾ ശരിവച്ച് സഹകരണ വകുപ്പിന്റെ റിപ്പോർട്ട്. ജനുവരിയിൽ കൊല്ലം അസിസ്റ്റന്റ് രജിസ്ട്രാർ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പത്ത് മാസമായി സഹകരണ വകുപ്പ് പൂഴ്ത്തി വച്ചിരിക്കുകയാണ്. ബാങ്ക് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് മയ്യനാട് സർവ്വീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്തത്. പാര്‍ട്ടിയിലെ വിഭാഗീതയുടെ പേരിലുള്ള പ്രശ്നങ്ങളാണ് ഇതിനു പിന്നിലെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയതിന്റെ പേരിൽ ബാങ്ക് പ്രസിഡന്റായിരുന്ന ശ്രീസുധനെ സിപിഎം പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ സഹകരണ വകുപ്പ് അന്വേഷണവും പ്രഖ്യാപിച്ചു. 

കഴിഞ്ഞ ജനുവരി 24ന്  കൊല്ലം അസിസ്റ്റന്റ് രജിസ്ട്രാര്‍ അരുണ്‍ എംജി സമർപ്പിച്ച റിപ്പോര്‍ട്ടിൽ ബാങ്ക് സെക്രട്ടറി എസ് രാധാകൃഷ്ണൻ നടത്തിയ ക്രമക്കേടുകൾ അക്കമിട്ടു നിരത്തുകയാണ്. ഭാര്യ നിഷയുടേയും ബന്ധു രവിരാജിന്റേയും പേരിൽ വാങ്ങിയ ഭൂമിക്ക് ക്രമപ്രകാരമല്ല വായ്പ്പ നൽകിയതെന്നാണ് പ്രധാന കണ്ടെത്തൽ. വെറും അഞ്ച് ലക്ഷം രൂപക്ക് ഇവർ വാങ്ങിയ നിലത്തിന് 35 ലക്ഷത്തോളം രൂപ വായ്പ്പ അനുവദിച്ചത് നിയമപ്രകാരമല്ല. ഈ വായ്പ്പകൾ ഉള്ളപ്പോൾ തന്നെ രാധാകൃഷ്ണൻ തന്റെ ബന്ധുവായ സുനിൽകുമാറിന്റെ ഇരവിപുത്തുള്ള നിലം പണയം വച്ച് 40 ലക്ഷം രൂപയും തട്ടിയെടുത്തു. വായ്പ്പാത്തുക ലഭിച്ച അന്നു തന്നെ സുനിൽകുമാർ പണം രാധാകൃഷ്ണന് കൈമാറി. ഇതിന്റെ രേഖകൾ സഹിതമാണ് അസിസ്റ്റന്റ് രജിസ്ട്രാർ റിപ്പോര്‍ട്ട് നൽകിയത്. 

ജിഡിസിഎസ് വായ്പ്പകളിൽ സെക്രട്ടറിയുടെ ഭാര്യക്ക് ക്രമപ്രകാരമല്ലാതെ വര്‍ഷങ്ങളോളം ഇളവ് അനുവദിച്ചതായും കണ്ടെത്തലുണ്ട്.  ഇത്തരം വീഴ്ച്ചകൾ വരുത്തിയ സെക്രട്ടറിക്കെതിരെ തക്കതായ ശിക്ഷാ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്. എന്നാൽ  ഈ റിപ്പോര്‍ട്ട് ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിലെത്തി പത്ത് മാസമായിട്ടും യാതൊരു നടപടിയുമുണ്ടായില്ല. 

click me!