കൃപേഷിന്‍റെയും ശരത്‍ലാലിന്‍റെയും കുടുംബസഹായ നിധി കൈമാറാൻ വൈകി; കോഴിക്കോട് ഡിസിസിക്ക് വിമർശനം

By Web TeamFirst Published May 12, 2019, 6:58 AM IST
Highlights

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുത്ത ഡിസിസി നേതൃയോഗത്തിലാണ് വിമർശനം ഉയർന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബത്തിനായി ഡിസിസി ഫണ്ട് പിരിവ് തുടങ്ങിയത്. 16 ലക്ഷം രൂപ ഇതുവരെ പിരിച്ചെടുത്തു.

കോഴിക്കോട്: കൃപേഷിന്‍റെയും ശരത്‍ലാലിന്‍റെയും കുടുംബസഹായ നിധി കൈമാറാത്തതിൽ കോഴിക്കോട് ഡിസിസി നേതൃത്വത്തിന് വിമർശനം. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുത്ത യോഗത്തിലാണ് വിമർശനം ഉയർന്നത്. എന്നാൽ മുഴുവൻ മണ്ഡലം കമ്മിറ്റികളും ഫണ്ട് നൽകിയിട്ടില്ലെന്നും ഉടൻ തന്നെ ധനസഹായം കൈമാറുമെന്നുമാണ് ഡിസിസി നേതൃത്വത്തിന്‍റെ വിശദീകരണം.

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുത്ത ഡിസിസി നേതൃയോഗത്തിലാണ് വിമർശനം ഉയർന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബത്തിനായി ഡിസിസി ഫണ്ട് പിരിവ് തുടങ്ങിയത്. 16 ലക്ഷം രൂപ ഇതുവരെ പിരിച്ചെടുത്തു. എന്നാൽ ഈ തുക കൈമാറാത്തതിനെതിരെയാണ് വിമർശനം ഉയർന്നത്. 

തുക നേതൃത്വം വകമാറ്റിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വാർത്തകൾ വന്നുവെന്നും ഇത് നാണക്കേട് ഉണ്ടാക്കിയെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. യോഗത്തിൽ സംസാരിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പിരിച്ച തുക ഉടൻ കൈമാറണമെന്ന നിർദേശം ജില്ലാ നേതൃത്വത്തിന് നൽകി.

90 മണ്ഡലം കമ്മിറ്റികൾ ഉള്ളതിൽ ഇനിയും ഫണ്ട് നൽകാത്ത കമ്മിറ്റികൾ ഉണ്ടെന്നും അവിടങ്ങളിൽ പിരിവ് പൂർത്തിയായ ഉടൻ സഹായധനം കൈമാറുമെന്നും ഡിസിസി നേതൃത്വം വിശദകീരണം നൽകി. ഈ മാസം 15 നുള്ളിൽ തുക നിർബന്ധമായും തരണമെന്ന നിർദേശം മണ്ഡലം കമ്മിറ്റികൾക്ക് ജില്ലാ നേതൃത്വം നൽകിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഫണ്ട് വകമാറ്റിയെന്ന തരത്തിൽ വന്ന വാർത്തകൾ ചില കേന്ദ്രങ്ങൾ ബോധപൂ‍ർവ്വം പ്രചരിപ്പിക്കുന്നതാണെന്നും ജില്ലാ നേതൃത്വം കെപിസിസി പ്രസിഡന്‍റിന് നൽകിയ വിശദീകരണത്തിൽ പറയുന്നു. ഫണ്ട് പിരിവിന് എതിരെ നേതൃയോഗത്തിൽ ഉയർന്ന വിമർശനങ്ങളോട് ഡിസിസി പ്രസിഡന്‍റ് പ്രതികരിക്കാൻ തയ്യാറായില്ല.

click me!