കോഴിക്കോട്: അധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷ എഴുതിയത് വിജയശതമാനം കൂട്ടാന്‍

By Web TeamFirst Published May 12, 2019, 6:38 AM IST
Highlights

പേപ്പർ തിരുത്തിയത് അറിയില്ലെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ച സാഹചര്യത്തിലാണ് പണം വാങ്ങി അട്ടിമറി നടന്നതല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് സംശയിക്കുന്നത്.

കോഴിക്കോട്: കോഴിക്കോട് അധ്യാപകൻ വിദ്യാർത്ഥികളുടെ ഉത്തരപേപ്പർ തിരുത്തുകയും പരീക്ഷ എഴുതുകയും ചെയ്തത് വിജയശതമാനം കൂട്ടാന്‍ വേണ്ടിയെന്ന് സൂചന. പണം വാങ്ങിയുള്ള അട്ടിമറിയെന്ന് സംശയിക്കാനാവില്ലെന്നാണ് അധികൃതരുടെ നിഗമനം. പേപ്പർ തിരുത്തിയത് അറിയില്ലെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ച സാഹചര്യത്തിലാണ് പണം വാങ്ങി അട്ടിമറി നടന്നതല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് സംശയിക്കുന്നത്.

നീലേശ്വരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ നിഷാദ് വി മുഹമ്മദ് നിരവധി വിദ്യാർത്ഥികൾക്കായി ഹയർ സെക്കണ്ടറി പരീക്ഷ എഴുതുകയും 32 പേരുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തെന്നായിരുന്നു കണ്ടെത്തൽ. സംഭവത്തിൽ നിഷാദ് മുഹമ്മദിനെയും മറ്റുരണ്ട് അധ്യാപകരെയും വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍റ് ചെയ്തിരുന്നു. 

പരീക്ഷാ ചീഫ് സൂപ്രണ്ടും നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി പ്രിൻസിപ്പലുമായ കെ റസിയ, പരീക്ഷ ഡെപ്യൂട്ടി ചീഫും ചേന്നമംഗലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധധ്യാപകനുമായ പി കെ ഫൈസൽ, എന്നിവരാണ് സസ്പെൻഷനിലായ മറ്റ് അധ്യാപകർ.

സസ്പെൻഷനിലായ മൂന്ന് അധ്യാപകരും ഇപ്പോൾ സ്ഥലത്തില്ല. പ്രതികരിക്കാൻ താൽപ്പര്യമില്ലെന്നാണ് ഇവരുടെ ബന്ധുക്കൾ പറയുന്നത്. പരീക്ഷ കഴിഞ്ഞ് ചേർന്ന പിടിഎ യോഗത്തിൽ മൂന്ന് കുട്ടികൾ തോൽക്കാൻ സാധ്യതയുണ്ടെന്ന് അധ്യാപകർ പറഞ്ഞാതായി പിടിഎ പ്രസിഡണ്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഔദ്യോഗികമായ അന്വേഷണം തുടങ്ങിയിട്ടില്ലെങ്കിലും പൊലീസ് ഇന്‍റലിജൻസ് വിഭാഗം മൂന്ന് അധ്യാപകരെയും നിരീക്ഷിക്കുന്നുണ്ട്. അതേസമയം സ്കൂൾ പ്രിൻസിപ്പലും പരീക്ഷ ചീഫ് സൂപ്രണ്ടുമായ കെ റസിയയുടെ അനുവാദത്തോടെയാണ് നിഷാദ് വി മുഹമ്മദ് ഉത്തരപേപ്പർ തിരുത്തിയതെന്ന് വ്യക്തമായതായി ഹയർ സെക്കണ്ടറി വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 

click me!