
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് വിട്ട് നിന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് അഡ്വ. കെ. പ്രവീൺ കുമാർ. കോഴിക്കോട് രൂപതയുടേയും സഹകരണ ആശുപത്രിയുടയും പരിപാടികൾക്ക് ക്ഷണം ഉണ്ടായിരുന്നുവെങ്കിലും പ്രവീൺ കുമാർ പരിപാടികളില്‍ പങ്കെടുത്തില്ല. കറുപ്പിനോടുള്ള മുഖ്യമന്ത്രിയുടെ അലർജി പരിഗണിച്ച് വിട്ടു നിൽക്കുന്നുവെന്ന് അഡ്വ. കെ. പ്രവീൺ കുമാർ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം ടി. സിദ്ദീഖ് എംഎൽഎ രൂപത പരിപാടിയിൽ പങ്കെടുത്തു.
അഡ്വ. കെ. പ്രവീൺ കുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:
കറുത്തവൻ്റെ വേദനക്കൊപ്പം നിൽക്കുന്നവർ എന്നാണല്ലോ എന്നും സി.പി.എം സ്വയം ഊറ്റം കൊള്ളാറുള്ളത്... അതേ സി.പി.എമ്മിൻ്റെ, സ്വന്തം മുഖ്യമന്ത്രി പിണറായി സഖാവിന് പക്ഷേ കറുപ്പെന്ന് കേട്ടാൽതന്നെ ഇപ്പോൾ വെറുപ്പാണത്രെ...കറുത്ത നിറമുള്ള ബാഡ്ജ്, കൊടി, റോഡ്, ബൂട്ട്,ആന,കുട, കരിമീൻ പൊരിച്ചത് എന്തിന് കറുത്ത മാസ്ക്ക് പോലും അലർജിയായിരിക്കുന്നു...എല്ലാം ചില കറുത്ത 'സ്വപ്ന'ങ്ങളെന്ന് താത്വികമായി സമാധാനിക്കാം...
കോൺഗ്രസിൻ്റെ ജില്ലാ അദ്ധ്യക്ഷൻ എന്ന നിലയിൽ ഇന്ന് മുഖ്യമന്ത്രിക്കൊപ്പം കോഴിക്കോട് രൂപതയുടേയും ജില്ലാ സഹകരണ ആശുപത്രിയുടേയും രണ്ടു വ്യത്യസ്ത ചടങ്ങുകളിൽ പങ്കെടുക്കേണ്ടതായിരുന്നു ; പഷേ മുഖ്യമന്ത്രിയുടെ അലർജി പരിഗണിച്ച് തീരുമാനം മാറ്റുകയാണ്...ആത്മാഭിമാനത്തോടൊപ്പം പാരമ്പര്യമായി കിട്ടിയ ഒരു സാദനം തലയിലുണ്ട് - നല്ല കറുകറുത്ത മുടി...ഇല്ല മുഖ്യമന്ത്രീ നൂറോളം പോലീസുകാർ കാത്തു സൂക്ഷിക്കുന്ന അങ്ങയുടെ ഇരട്ടച്ചങ്കിൽ ചൊറിച്ചുലുണ്ടാക്കാൻ ഈ കറുത്ത മുടിയുമായി ഞാൻ വരുന്നില്ല...രണ്ടു പ്രോഗ്രാമുകൾക്കും എല്ലാ വിധ ആശംസകളും...
സ്നേഹപൂർവ്വം, അഡ്വ.കെ.പ്രവീൺകുമാർ (വാൽക്കഷ്ണം : മുടിയെ പല വാക്കുകളിൽ വ്യാഖ്യാനിച്ച് സൈബർ സഖാക്കൾ വരുമെന്നറിയാം ; ക്യാപ്സൂൾ സംസ്ക്കാരത്തിന് 'നല്ല നമസ്ക്കാരം')
Also Read: കറുത്ത മാസ്ക് അഴിപ്പിക്കൽ 'കോടതി കയറും'; ഹൈക്കോടതിയിലേക്ക് അഭിഭാഷകൻ, ഡിജിപിക്കും പരാതി നൽകി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam