
കോട്ടയം: ഇരുമ്പുതോട്ടി ഉപയോഗിച്ചു മാങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് മധ്യവയസ്കൻ മരിച്ചു. വൈക്കം പള്ളിപ്രത്തുശേരി മണ്ണത്താനം മുണ്ടുമാഴത്ത് പുരുഷോത്തമൻ നായർ (62) ആണ് മരിച്ചത്. തോട്ടി വൈദ്യുതി ലൈനിൽ തട്ടിയതിനെ തുടർന്നാണ് വെൽഡിംഗ് വർക്ക് ഷോപ്പുടമയായ പുരുഷോത്തമൻ നായരുടെ മരണം. വർക്ക് ഷോപ്പിന് സമീപത്തെ പുളിമരത്തിൽ കയറിയാണ് സമീപത്തെ മാവിൽ നിന്ന് മാങ്ങ പറിക്കാൻ ശ്രമിച്ചത്. ഇതിനിടെ കൈയ്യിലുണ്ടായിരുന്ന ഇരുമ്പു തോട്ടി മുകളിലൂടെ കടന്നുപോകുന്ന 11 കെ വി ലൈനിൽ നിന്ന് തട്ടി. ഷോക്കേറ്റ് തത്ക്ഷണം പുരുഷോത്തമൻ നായർ മരിച്ചു.
ഇന്നലെ ഇരുമ്പ് തോട്ടി കൊണ്ട് തേങ്ങ പറിക്കുന്നതിനിടയിൽ അച്ഛനും മകനും മരിച്ചിരുന്നു. 11 കേ.വി വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റായിരുന്നു ഈ മരണങ്ങളും. വിഴിഞ്ഞം ചൊവ്വര സോമതീരം റിസോർട്ടിന് സമീപത്തായിരുന്നു അപകടം. പുതുവൽ പുത്തൻ വീട്ടിൽ അപ്പുകുട്ടൻ(65), മകൻ റെനിൽ (36) എന്നിവരാണ് മരിച്ചത്. രാവിലെ 9 മണിയോടെയാണ് സംഭവം. ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങ പറികുന്നതിനിടെ സമീപത്ത് കൂടി പോകുന്ന വൈദ്യുതി ലൈനിൽ തോട്ടി തട്ടുകയായിരുന്നു. വൈദ്യുതി ആഘാതത്തിൽ ഇരുവരും തൽക്ഷണം മരണപ്പെട്ടു. വൈദ്യുതി പ്രഹരത്തിൽ ഇരുവരുടെയും ശരീരം പകുതിയോളം കത്തി കരിഞ്ഞ നിലയിലായിരുന്നു. കെഎസ്ഇബി അധികൃതർ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് ഇരുവരുടെയും അടുത്തേക്ക് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പോലും എത്താൻ സാധിച്ചത്. സംഭവ സമയം ശക്തമായ മഴയും ഉണ്ടായിരുന്നു. തുടർ നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam