
കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലിൽ ജാമ്യത്തിലിറങ്ങിയ പ്രതികളും ജയിൽ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി. മൂന്ന് ജയിൽ ഉദ്യോഗസ്ഥര്‍ക്കും രണ്ട് പ്രതികൾക്കും പരിക്കേറ്റു. ഇന്ന് സബ് ജയിലിൽ നിന്ന് ജില്ലാ ജയിലിലേക്ക് മാറ്റിയ തടവുകാരെ കാണാനെത്തിയവരും ജയിൽ ഉദ്യോഗസ്ഥരും തമ്മിലാണ് ഏറ്റുമുട്ടിയത്. സന്ദർശന സമയം കഴിഞ്ഞതിനെ തുടർന്ന് പ്രതികളെ കാണാൻ ഇവരെ അനുവദിച്ചിരുന്നില്ല. ഇതോടെ തടവുകാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു എന്നാണ് വിവരം.
ജയിലിൽ നിന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ കണ്ണൂർ കൊട്ടിയൂർ സ്വദേശി അജിത്ത് വർഗീസും കൊണ്ടോട്ടി സ്വദേശി ജിൽഷാദും സുഹൃത്തിനെ കാണാനാണ് ജില്ലാ ജയിലിലേക്ക് എത്തിയത്. അജിത്ത് വർഗീസ് നിരവധി കേസുകളിൽ പ്രതിയാണ്. അഞ്ച് മണിക്ക് ശേഷമാണ് ഇരുവരുമെത്തിയത്. സന്ദർശക സമയം കഴിഞ്ഞതിനാൽ തടവുകാരനെ കാണാൻ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വാക്കേറ്റമായി. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്.
ജയിലിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച ഇവരെ തടയുന്നതിനിടെയാണ് ജയിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ രഞ്ജിഷ്, പ്രദീപ്, നിതിൻ എന്നിവർക്കാണ് പരിക്ക്. ഇവർ ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. അജിത്തിനും ജിൽഷാദിനും നിസാര പരിക്കുകളുണ്ട്. കസബ പോലീസെത്തി പ്രതികളെ കസ്റ്റഡിയിൽ എടുത്തു.