തീരാത്ത കസേര തർക്കം: കോഴിക്കോട് ഡിഎംഒ ആയി ഡോ. രാജേന്ദ്രൻ തുടരും; ഡോ. ആശാദേവിയുടെ നിയമന ഉത്തരവിന് സ്റ്റേ

Published : Jan 23, 2025, 05:55 PM ISTUpdated : Jan 23, 2025, 07:25 PM IST
തീരാത്ത കസേര തർക്കം: കോഴിക്കോട് ഡിഎംഒ ആയി ഡോ. രാജേന്ദ്രൻ തുടരും; ഡോ. ആശാദേവിയുടെ നിയമന ഉത്തരവിന് സ്റ്റേ

Synopsis

കോഴിക്കോട് ഡിഎംഒ കസേര തർക്കത്തിൽ വീണ്ടും മാറ്റം. ഡോ. രാജേന്ദ്രൻ കോഴിക്കോട് ഡിഎംഒ ആയി തുടരും. ഡോ. ആശാദേവിയെ നിയമിച്ചത് ഉൾപ്പെടെയുളള സ്ഥലംമാറ്റ ഉത്തരവിനാണ് സ്റ്റേ ലഭിച്ചിരിക്കുന്നത്.

കോഴിക്കോട്: കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ കസേര തര്‍ക്കം തുടരും. കോഴിക്കോട്  ഡിഎംഒയായി  ഡോക്ടര്‍ ആശാദേവിക്ക് വീണ്ടും നിയമനം നല്‍കിയതടക്കമുള്ള ആരോഗ്യ വകുപ്പിന്‍റെ സ്ഥലം മാറ്റ ഉത്തരവ് കേരളാ  അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു. ഡോക്ടര്‍ രാജേന്ദ്രന്‍  കോഴിക്കോട് ഡിഎംഒ ആയി തുടരും. കൊല്ലത്തേക്ക് സ്ഥലം മാറ്റപ്പെട്ട കണ്ണൂര്‍ ഡിഎംഒ ഡോക്ടര്‍ പീയൂഷ് നമ്പൂതിരി നല്‍കിയ ഹര്‍ജിയിലാണ് ട്രിബ്യൂണലിന്‍റെ നടപടി.

കോഴിക്കോട് ഡിഎംഒയായ ഡോക്ടര്‍ രാജേന്ദ്രനു പകരം ഡോക്ടര്‍ ആശാ ദേവിയെ നിയമിച്ചതടക്കമുള്ള ഏഴു പേരുടെ  സ്ഥലം മാറ്റ ഉത്തരവാണ്  കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഒരു മാസത്തേക്ക് സ്റ്റേ ചെയ്തത്. അടുത്ത മാസം രണ്ടിന് ഹര്‍ജി വീണ്ടും പരിഗണിക്കും

ഡിസംബര്‍ 9ന് ആരോഗ്യ വകുപ്പ് ഇറക്കിയ സ്ഥലം മാറ്റ ഉത്തരവാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. മൂന്ന് ഡിഎംഒമാരെയും നാല് അഡീഷണൽ ഡയറക്ടർമാരെയും സ്ഥലം മാറ്റിയായിരുന്നു ഉത്തരവിറങ്ങിയത്. ഡോക്ടര്‍ ആശാദേവിയെ കോഴിക്കോട് ഡിഎംഒയായി നിയമിക്കാന്‍ ചട്ടവിരുദ്ധമായാണ് സ്ഥലം മാറ്റ ഉത്തരവ് ഇറക്കിയതെന്ന്  ആരോപണമുയര്‍ന്നിരുന്നു.

ഡോക്ടർ എൻ രാജേന്ദ്രനു പകരം ഡോക്ടർ ആശാദേവി കഴിഞ്ഞ മാസം പത്തിന് കോഴിക്കോട് ഡിഎംഒയായി ചുമതലയേറ്റു. സ്ഥലംമാറ്റ ഉത്തരവിന് എതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങി രാജേന്ദ്രൻ വീണ്ടും കോഴിക്കോട് ഡിഎംഒ ആയി. അവധിയിൽ ആയിരുന്ന ഡോക്ടർ ആശാ ദേവി ഡിഎംഒ ഓഫീസിൽ എത്തിയതോടെ ഒരു ഓഫീസിൽ രണ്ടു ഡിഎംഒ എന്നായി സ്ഥിതി.

ഇത് നാണക്കേടായതോടെ നേരത്തെ ഇറക്കിയ സ്ഥലം മാറ്റ ഉത്തരവ് എല്ലാവരും പാലിക്കണമെന്ന് കാട്ടി സർക്കാർ വീണ്ടും ഉത്തരവിറക്കി.  ഡോക്ടര്‍ രാജേന്ദ്രന്‍ ഉള്‍പ്പെടെ സ്ഥലം മാറ്റപ്പെട്ട മൂന്ന് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ സമീപിച്ച് സ്ഥലം മാറ്റ ഉത്തരവ് താത്കാലികമായി തടഞ്ഞു. പരാതിക്കാരുടെ ഭാഗം കേട്ട് ശേഷം അന്തിമ തീരുമാനമെടുക്കാനായിരുന്നു കോടതി സര്‍ക്കാരിന് നല്‍കിയ  നിര്‍ദേശം.

ഇതിന്‍റെ അടിസ്ഥാനത്തില്‍ പരാതിക്കാരുടെ വിശദീകരണം കേട്ട ശേഷം ആരോഗ്യ വകുപ്പ് ഇന്നലെ വീണ്ടും സ്ഥലം മാറ്റ ഉത്തരവിറക്കി. പിന്നാലെ സ്ഥലം മാറ്റപ്പെട്ട കണ്ണൂര്‍ ഡിഎംഒ ഡോക്ടര്‍ പീയൂഷ് നമ്പൂതിരി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് വീണ്ടും ഉത്തരവ് സ്റ്റേ ചെയ്തത്.  ആദ്യത്തെ  സ്ഥലം മാറ്റ ഉത്തരവില്‍ എറണാകുളം ഡിഎംഒ ആയാണ് പീയൂഷിനെ നിയമിച്ചിരുന്നതെങ്കില്‍ ഇന്നലത്തെ ഉത്തരവില്‍ കൊല്ലം ഡിഎംഒ ആയിട്ടായിരുന്നു നിയമനം. ഇത് ചോദ്യം ചെയ്താണ് പീയൂഷ് ട്രിബ്യൂണലിനെ സമീപിച്ചത്

PREV
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും