
കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എൻ എം വിജയന്‍റെ ആത്മഹത്യയില്‍ ഐസി ബാലകൃഷ്ണൻ എംഎല്‍എയെ ചോദ്യം ചെയ്തു. രാവിലെ പത്തേ മുക്കാലോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ചക്ക് മൂന്ന് മണിയോടെയാണ് അവസാനിച്ചത്. നാലു മണിക്കൂറോളമാണ് എംഎൽഎയെ ചോദ്യം ചെയ്തത്. എൻ എം വിജയൻ കെപിസിസി പ്രസിഡന്‍റിന് എഴുതിയ കത്തിലെ പരാമർശങ്ങളെ കുറിച്ചും അർബൻ ബാങ്കിലെ നിയമനത്തിനായുള്ള എംഎല്‍എയുടെ ശുപാര്‍ശകത്തും സംബന്ധിച്ചും ചോദ്യങ്ങള്‍ ഉണ്ടായെന്നാണ് സൂചന.
കെപിസിസി പ്രസിഡന്‍റിനായി എഴുതിയ കത്തില്‍ ഐസി ബാലകൃഷ്ണൻ എംഎല്‍എയുമായി ഉണ്ടായിരുന്ന ഇടപാടുകളെ കുറിച്ചും എൻ എം വിജയൻ പരാമർശിച്ചിരുന്നു. ഏതൊക്കെ സാമ്പത്തിക ഇടപാടുകളാണ് തനിക്ക് ബാധ്യതയുണ്ടാക്കിയതെന്ന് വിശദീകരിക്കുമ്പോഴായിരുന്നു എംഎല്‍എയുടെ പേരും കുറിച്ചിരുന്നത്. ഈ കത്ത് വർഷങ്ങള്‍ക്ക് മുൻപുണ്ടായിരുന്നതെന്ന് പ്രതിഭാഗം വാദിക്കുമ്പോഴും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തേടുകയാണ് അന്വേഷണസംഘം.
ഇടപാടുകള്‍ എന്തെങ്കിലും നടന്നിരുന്നോ നിയമന കാര്യങ്ങളില്‍ ഇടപെട്ടിരുന്നോ തുടങ്ങിയവ അന്വേഷണസംഘം ചോദിച്ചതായാണ് സൂചന. അർബൻ ബാങ്കിലെ നിയമനത്തിനായി കോണ്‍ഗ്രസ് പ്രവർത്തകന്‍റെ മകള്‍ക്ക് വേണ്ടി എഴുതിയ കത്തും ഇതിനിടെ പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ചും ചോദ്യങ്ങളുണ്ടായെന്നാണ് വിവരം. എന്നാൽ സാമ്പത്തിക ഇടപാടുകളില്‍ ഒരു ബന്ധവുമില്ലെന്ന മറുപടിയാണ് ഐസി ബാലകൃഷ്ണൻ അന്വേഷണസംഘത്തിന് നല്‍കിയത്. ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു. നീതിപൂർവമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്ന് എംഎല്‍എ ചോദ്യം ചെയ്യലിനെത്തിയപ്പോള്‍ മാധ്യമങ്ങളെോട് പറഞ്ഞു.
നാളെയും ഐസിബാലകൃഷണനെ പൊലീസ് ചോദ്യം ചെയ്യും. കൽപ്പറ്റ പുത്തൂർവയലിലെ ജില്ലാ ഹെഡ്ക്വാർട്ടർ ക്യാമ്പിൽ വെച്ചാണ് ചോദ്യം ചെയ്തത്. കോടതി നിര്‍ദേശപ്രകാരം ശനിയാഴ്ച വരെ ഐസി ബാലകൃഷ്ണനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘത്തിനാവും. അതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി മുൻകൂർ ജാമ്യം ഉള്ളതിനാല്‍ രണ്ട് പേരുടെ ജാമ്യത്തില്‍ വിട്ടയക്കും.കഴിഞ്ഞ മൂന്നുദിവസം ഡിസിസി പ്രസിഡൻറ് എൻ ഡി അപ്പച്ചനെയും മുൻ ട്രഷറർ കെ കെ ഗോപിനാഥനെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. വയനാട് ഡിസിസിയിലും അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. നീതിപൂർവമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐസി ബാലകൃഷ്ണൻ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam