റദ്ദാക്കിയ റേഷൻ കടയുടെ ലൈസൻസ് പുനഃസ്ഥാപിക്കാൻ ഉത്തരവ്; പ്രതിഷേധവുമായി ആദിവാസികള്‍

By Web TeamFirst Published Jul 1, 2019, 4:25 PM IST
Highlights

ആദിവാസികൾക്കുള്ള സൗജന്യ റേഷൻ കരിഞ്ചന്തയിൽ വിറ്റതിനാണ് കോഴിക്കോട് കക്കയത്തെ റേഷൻ കടയുടമയായ വൽസമ്മ ജോസഫിന്റെ ലൈസൻസ് ജില്ലാ കളക്ടർ റദ്ദാക്കിയത്. 

കോഴിക്കോട്: ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കിയ റേഷൻ കടയുടെ ലൈസൻസ് പുനഃസ്ഥാപിക്കാനുള്ള സർക്കാർ ഉത്തരവിനെതിരെ അമ്പലകുന്ന് ആദിവാസി കോളനി നിവാസികൾ രം​ഗത്ത്. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോളനി നിവാസികൾ ജില്ലാ സപ്ലൈ ഓഫീസറെ ഉപരോധിച്ചു. കോളനി നിവാസികളുടെ ആവശ്യം ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറിയെ അറിയിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
 
ആദിവാസികൾക്കുള്ള സൗജന്യ റേഷൻ കരിഞ്ചന്തയിൽ വിറ്റതിനാണ് കോഴിക്കോട് കക്കയത്തെ റേഷൻ കടയുടമയായ വൽസമ്മ ജോസഫിന്റെ ലൈസൻസ് ജില്ലാ കളക്ടർ റദ്ദാക്കിയത്. 2016 നവംബറിൽ 226-ാം നമ്പര്‍ റേഷന്‍ കട നടത്തിയിരുന്ന വത്സമ്മ ജോസഫിന്റെ ലൈസന്‍സ്  അന്നത്തെ ജില്ലാ കളക്ടറായിരുന്ന എന്‍ പ്രശാന്ത് ആണ് സ്ഥിരമായി റ​ദ്ദാക്കിയത്. 88022 രൂപ സര്‍ക്കാരിലേക്ക് പിഴ അടക്കാനും ഉത്തരവിൽ  നിർദ്ദേശിച്ചിരുന്നു. 

ഇതിനെതിരെ വൽസമ്മ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറിക്ക് അപ്പീൽ നൽകി. തുടർന്ന് അപ്പീലിൽ ലൈസൻസ് പുനഃസ്ഥാപിക്കാൻ അപ്പീലില്‍ ഉത്തരവായി. കഴിഞ്ഞ മാസം ആറാം തീയതി ഭക്ഷ്യ പൊതുവിതരണ വകുപ്പ് വത്സമ്മ ജോസഫിന് ലൈസന്‍സ് പുനഃസ്ഥാപിച്ച് ഉത്തരവിറക്കുകയായിരുന്നു. റേഷൻ കടയുടെ ലൈസൻസ് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നതിനിടെയാണ് പ്രതിഷേധവുമായി കോളനി നിവാസികൾ രം​ഗത്തെത്തിയത്. ലൈസൻസ് പുനഃസ്ഥാപിക്കുന്നതിനുള്ള ഉത്തരവിനെതിരെ കോളനി നിവാസികള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.  

click me!