
ഇടുക്കി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്‍കുമാര്‍ റിമാൻഡിലിരിക്കെ മരിച്ച സംഭവത്തില്‍ ഇടുക്കി എസ്പിയുടെ പങ്ക് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസിലെ ഇടപെടലുകളാണ് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നത്. പീരുമേട് ജയിൽ അധികൃതർക്ക് വീഴ്ച പറ്റിയതായി ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസിൽ ഇടുക്കി മജിസ്ട്രേറ്റ് നടപടിക്രമങ്ങൾ പാലിച്ചിരുന്നോ എന്നതിൽ തൊടുപുഴ സിജെഎമ്മിൽ നിന്ന് ഹൈക്കോടതി റിപ്പോർട്ട് തേടി.
രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്ത് ക്രൂര മർദ്ദനത്തിനിരയാക്കിയ വിവരം അറിഞ്ഞിട്ടും ഇടുക്കി എസ്പി കെ ബി വേണുഗോപാൽ ഇക്കാര്യം എന്തിന് മറച്ചുവെച്ചു എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കസ്റ്റഡി മർദ്ദനം ആരുടെയെങ്കിലും നിർദ്ദേശപ്രകാരമായിരുന്നോ, അതോ ആരെയെങ്കിലും സഹായിക്കാനായിരുന്നോ എന്നും സംഘം അന്വേഷിക്കും. രാജ്കുമാർ സമാഹരിച്ച മൂന്ന് കോടി രൂപ തട്ടിയെടുക്കാനായിരുന്നു പൊലീസ് മർദ്ദനമെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.
ഇതിനിടെ, രാജ്കുമാറിനെ റിമാൻഡ് തടവിൽ പാർപ്പിച്ച പീരുമേട് ജയിൽ അധികൃതർക്ക് വീഴ്ച പറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. മർദ്ദനത്തെ തുടർന്നുണ്ടായ ആന്തരിക മുറിവുകള്‍ മൂര്‍ച്ഛിച്ചുണ്ടായ ന്യുമോണിയയാണ് രാജ്കുമാറിന്‍റെ മരണകാരണം എന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. ജയിൽ അധികൃതർ ചികിത്സ നിഷേധിച്ചതാണ് ന്യുമോണിയയിലേക്ക് നയിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ജയിൽ രേഖകൾ അന്വേഷണസംഘം ശേഖരിച്ചു.
Also Read: നെടുങ്കണ്ടം കസ്റ്റഡി മരണം: പീരുമേട് ജയിൽ അധികൃതർക്ക് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച്
ഇതിനിടെ, രാജ്കുമാറിനെ റിമാൻഡ് ചെയ്യാൻ എത്തിച്ചപ്പോൾ ഇടുക്കി മജിസ്ട്രേറ്റ് നടപടിക്രമങ്ങൾ പാലിച്ചിരുന്നോ എന്നതിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിൽ നിന്ന് ഹൈക്കോടതി റിപ്പോർട്ട് തേടി. രാജ്കുമാറിന്‍റെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച് ചികിത്സ നിർദ്ദേശിക്കുന്നതിൽ വീഴ്ചയുണ്ടായോ എന്നാണ് പരിശോധിക്കുന്നത്. മജിസ്ട്രേറ്റ്, പൊലീസ് വാഹനത്തിന് അരികിൽ എത്തിയാണ് രാജ്കുമാറിനെ റിമാൻഡ് ചെയ്തത്. മജിസ്ട്രേറ്റിനെതിരായ അന്വേഷണമല്ല, സ്വാഭാവിക നടപടിക്രമമനുസരിച്ചാണ് റിപ്പോർട്ട് തേടിയതെന്ന് ഹൈക്കോടതി രജിസ്ട്രാർ അറിയിച്ചു.
Also Read: നെടുങ്കണ്ടം കസ്റ്റഡിമരണം: ഇടുക്കി മജിസ്ട്രേറ്റിന്‍റെ നടപടിയിൽ വിവരങ്ങൾ തേടി ഹൈക്കോടതി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam