
കോഴിക്കോട്: കോഴിക്കോട് കുടരഞ്ഞിയിലും പ്രകമ്പനം ഉണ്ടായെന്ന് വിവരം. കൂടരഞ്ഞിയില്‍ ഭൂമിക്ക് അടിയിൽ നിന്ന് അസാധാരണ ശബ്ദം കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്. കോഴിക്കോട് കാവിലും പാറ കലങ്ങോടും ഭൂമിക്കടിയിൽ നിന്നും ശബ്ദം കേട്ടതായി നാട്ടുകാർ അറിയിച്ചെന്ന് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭൂചലനം ആണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവ സ്ഥലത്ത് പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സമാന സംഭവം ആവർത്തിച്ചാൽ പ്രദേശവാസികൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറണമെന്നും കൂടരഞ്ഞി പഞ്ചായത്ത് അറിയിച്ചു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ വഴിക്കടവ് , മഞ്ഞപ്പൊയിൽ, സൊസൈറ്റി കുന്ന്, പീടികപ്പാറ കുളിരാമുട്ടി എന്നിവിടങ്ങളിൽ നിന്നും അസാധാരണ ശബ്ദം കേട്ടു എന്നും വീടിൻ്റെ ജനൽ ചില്ലുകൾ വിറച്ചു എന്നും നാട്ടുകാർ അറിയിച്ചിരുന്നു. ഈ സ്ഥലങ്ങളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചതിലും ആളുകളോട് നേരിൽ സംസാരിച്ചതിലും ആശങ്കയുണ്ടാകേണ്ട യാതൊരു സാഹചര്യവും നിലവിലില്ല എന്ന് മനസ്സിലാക്കുന്നു. എങ്കിലും ഇത്തരത്തിൽ വീണ്ടും എന്തെങ്കിലും സംഭവം ഉണ്ടാകുന്ന പക്ഷം ആളുകൾ ഗ്രാമപഞ്ചായത്ത് കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ തയ്യാറാക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറണമെന്നാണ് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
വയനാട്ടിൽ ചില പ്രദേശങ്ങളില്‍ ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് കോഴിക്കോട് കുടരഞ്ഞിയിലും സമാനമായ സംഭവം ഉണ്ടായെന്ന വാര്‍ത്ത പുറത്ത് വരുന്നത്. വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് വലിയ മുഴക്കവും നേരിയ കുലുക്കവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാവിലെ 10 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. എന്നാൽ പ്രദേശത്ത് ഭൂകമ്പ സൂചനകളില്ലെന്ന കേരള ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റി അറിയിച്ചു. വലിയ പ്രകമ്പനം എവിടെയും അനുഭവപ്പെട്ടിട്ടില്ലെന്നാണ് നാഷണൽ സീസ്മോളജി സെൻ്ററിനെ ഉദ്ധരിച്ച് കേന്ദ്ര കാലാവസ്ഥാ കേന്ദ്രവും അറിയിക്കുന്നത്.