സ്ട്രക്ച്ചറല്‍ ഡിസൈൻ പാളി; കോഴിക്കോട് കെഎസ്ആർടിസി കോംപ്ലകസ് നിർമ്മാണത്തിൽ ഗുരുതര പിഴവുകളെന്ന് വിജിലൻസ്

By Web TeamFirst Published Oct 10, 2021, 9:25 AM IST
Highlights

പിഴവ് വരുത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനൊരുങ്ങുകയാണ്  കെടിഡിഎഫ്സി. ഡിസൈനിലെ പിഴവാണ് കെട്ടിടത്തിന്‍റെ തകരാറിന് കാരണമെന്ന ചെന്നൈ ഐഐടി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലാണ് ഈ നീക്കം

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി കോംപ്ലക്സ് (KSRTC Complex) നിർമ്മാണത്തിൽ ഗുരുതരമായ പിഴവുകളെന്ന് വിജിലൻസ് (vigilance ) കണ്ടെത്തൽ. സ്ട്രക്ടച്ചറൽ ഡിസൈൻ പാളിയെന്നും രണ്ട് നിലകൾക്ക് ബലക്കുറവും ചോർച്ചയുമുണ്ടെന്നുമാണ് വിജിലൻസിൻ്റെ റിപ്പോർട്ട്. ഡിസൈനറെ പ്രതി ചേർത്ത് കേസെടുക്കാൻ ശുപാർശ ചെയ്യും. റിപ്പോർട്ട് ഈ മാസം വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും

ആറുമാസത്തിനകം ബലപ്പെടുത്തുന്ന ജോലികൾ പൂർത്തിയാക്കുമെന്ന് ഉറപ്പ് കിട്ടിയതായി അലിഫ് ബിൽഡേഴ്സ്

അതേ സമയം കെട്ടിടം ബലപ്പെടുത്തുന്ന പ്രവൃത്തികള്‍ ആറു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കെടിഡിഎഫ്സി ഉറപ്പ് നല്‍കിയതായാണ് കെട്ടിടത്തിന്‍റെ ചുമതലയുളള അലിഫ് ബില്‍ഡേഴ്സ് പറുന്നത്. കെട്ടിടം ഏറ്റെടുക്കുമ്പോള്‍ തകരാറിനെക്കുറിച്ചോ ചെന്നൈ ഐഐടി നടത്തുന്ന പരിശോധനയെക്കുറിച്ചോ അറിഞ്ഞിരുന്നില്ലെന്നാണ് അലിഫ് ബിൽഡേഴ്സ് മാനേജിംഗ് ഡയറക്ടർ മൊയ്തീൻ കോയ പറയുന്നത്. 

കെട്ടിടത്തിന്‍റെ ഇരുഭാഗങ്ങളിലും വെളളം ഇറങ്ങുന്ന പ്രശ്നം കെടിഡിഎഫ്സിയെ അറിയിച്ചിരുന്നുവെന്നും ഇവർ പറയുന്നു. 30 വര്‍ഷത്തെ നടത്തിപ്പിനായി 26 കോടി രൂപ അലിഫ് ബിൽഡേഴ്സ് കെടിഡിഎഫ്സിയിലേക്ക് അടച്ചിട്ടുണ്ട്. കെട്ടിടം ബലപ്പെടുന്ന പ്രവൃത്തി പൂര്‍ത്തിയാക്കാനാവശ്യമായ സമയം കരാറില്‍ നീട്ടി നല്‍കുമെന്ന് കെടിഡിഎഫ്സി അറിയിച്ചതായും അലിഫ് ബില്‍ഡേഴ്സ് മാനേജിംഗ് ഡയറക്ടര്‍ മൊയ്തീന്‍ കോയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പിഴവ് വരുത്തിയവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനൊരുങ്ങി കെടിഡിഎഫ്സി

കോഴിക്കോട്ടെ കെഎസ്ആര്‍ടിസി സമുച്ചയത്തിന്‍റെ രൂപകല്‍പനയില്‍ പിഴവ് വരുത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനൊരുങ്ങുകയാണ്  കെടിഡിഎഫ്സി. ഡിസൈനിലെ പിഴവാണ് കെട്ടിടത്തിന്‍റെ തകരാറിന് കാരണമെന്ന ചെന്നൈ ഐഐടി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. എന്നാല്‍ കെട്ടിടത്തിന്‍റെ ഡിസൈന്‍ കെടിഡിഎഫ്സി അംഗീകരിച്ച ശേഷമാണ് നിര്‍മാണം തുടങ്ങിയതെന്നാണ് കെട്ടിടം രൂപകല്‍പന ചെയ്തവരുടെ വാദം. കെടിഡിഎഫ്സിയും വാണിജ്യ സമുച്ചയത്തിന്‍റെ നടത്തിപ്പ് കരാര്‍ ഏറ്റെടുത്ത കമ്പനിയും തമ്മിലുളള ഒത്തുകളിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.

പാലാരിവട്ടം മോഡല്‍ പാളിച്ചകൊണ്ട് കോഴിക്കോട്ടെ കെഎസ്ആര്‍ടിസി വാണിജ്യ സമുച്ചയം സജീവ ചര്‍ച്ചയാകുമ്പോള്‍ ഉത്തരവാദികള്‍ ആരെന്നതിലാണ് തര്‍ക്കം. ചെന്നൈ ഐഐടി സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് പ്രകാരം കെട്ടിടത്തിന്‍റെ രൂപകല്‍പനയിലാണ് പ്രധാന പിഴവ്. തൂണുകളില്‍ വേണ്ടത്ര സ്റ്റീല്‍ ഉപയോഗിച്ചിട്ടില്ല. സ്ട്രക്ച്ചറല്‍ എന്‍ജിനീയറുടെ വൈധഗ്ധ്യം നിര്‍മാണത്തില്‍ കാണാനുമില്ല. ഇത്തരത്തിൽ രൂപകല്‍പനയുമായി ബന്ധപ്പെട്ട പിഴവുകള്‍  അക്കമിട്ടുനിരത്തിയുളള റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കെഎസ്ആര്‍ടിസി സമുച്ചയം യുദ്ധകാല അടിസ്ഥാനത്തില്‍ ബലപ്പെടുത്താനും അതുവരെ കെഎസ്ആര്‍ടിസി സ്റ്റാന്‍റ് മറ്റൊരിടത്തേക്ക് മാറ്റാനും കെടിഡിഎഫ്സി തീരുമാനിച്ചത്. 

കെട്ടിടം ബലപ്പെടുത്താന്‍ 10 മുതല്‍ 15 കോടി രൂപ വരെ ചെലവു വരുമെന്നാണ് പ്രാഥമിക കണക്ക്. ചെന്നൈ ഐഐടിയുടെ മേല്‍നോട്ടത്തിലാകും ബലപ്പെടുത്തല്‍ നടത്തുക. ഇതിനിടെയാണ് രൂപകല്‍പനയില്‍ പിഴവ് വരുത്തിയവരില്‍ നിന്ന്  നഷ്ടപരിഹാരം ഈടാക്കാനുളള കെടിഡിഎഫ്സി നീക്കം. പിഴവ് സ്ട്രക്ച്ചറല്‍ ഡിസൈനിലെന്ന് ചെന്നൈ ഐഐടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍  മറുപടി പറയേണ്ടത് രൂപകല്‍പന നടത്തിയവര്‍ തന്നെയെന്ന് കെടിഡിഎഫ്സി എംഡി ഡോ ബി അശോക് പറഞ്ഞു. 

അലിഫും കെടിഡിഎഫ്സിയും ഒത്തുകളിക്കുന്നുവെന്ന് രൂപകൽപ്പന ചെയ്തവർ

എന്നാല്‍ സമുച്ചയത്തിന്‍റെ ആര്‍ക്കിടെക്ചറല്‍ ഡിസൈനും സ്ട്രക്ച്ചറല്‍ ഡിസൈനും നടത്തിയവര്‍ ഈ വാദം തള്ളുകയാണ്. ഡിസൈന്‍ കെ‍ടിഡിഎഫ്സി അംഗീകരിച്ച ശേഷമാണ് നിര്‍മാണം തുടങ്ങിയത്. മാത്രമല്ല ചെന്നൈ ഐഐടി റിപ്പോര്‍ട്ടിനെ കെടിഡിഎഫ്സി പെരുപ്പിച്ച് കാട്ടുകയാണെന്നും ഇവര്‍ പറയുന്നു. 

കെട്ടിടത്തിന്‍റെ നടത്തിപ്പ് ചുമതല 30 വര്‍ഷത്തേക്ക് എടുത്തിരിക്കുന്നത് കോഴിക്കോട്ടെ അലിഫ് ബില്‍ഡേഴ്സാണ്. ഇവര്‍ ആവശ്യപ്പെട്ട അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനായാണ് ബസ് സ്റ്റാന്‍റ് അനാവശ്യമായി അടച്ചിടാന്‍ ഒരുങ്ങുന്നതെന്നും കെട്ടിടം ഡിസൈന്‍ ചെയ്തവര്‍ ആരോപിച്ചു. ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഉടന്‍ സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

click me!