
കോഴിക്കോട്: വ്യാജ ഷെയർ ട്രേഡ് ആപ് തട്ടിപ്പിൽ കോഴിക്കോട് സ്വദേശിയായ സംരംഭകന് 4.8 കോടി രൂപ നഷ്ടമായി. സംഭവത്തിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വാട്സ് ആപ്പ് വഴിയാണ് തട്ടിപ്പുകാർ ഇയാളെ ബന്ധപ്പെട്ടത്. തുടർന്ന് മൊബൈൽ ഫോണിൽ ചില ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയായിരുന്നു. തട്ടിപ്പുകാർ വാട്സ്ആപ്പ് വഴി നൽകിയ വിവിധ അക്കൗണ്ടുകളിലാണ് ഇയാൾ പണം നിക്ഷേപിച്ചത്.
രാജ്യാന്തര സംഘം തന്നെ തട്ടിപ്പിന് പിന്നിലുണ്ടെന്ന സംശയത്തിലാണ് പൊലീസ്. വിവിധ സംസ്ഥാനങ്ങളിലെ 24 അക്കൗണ്ടുകളിലേക്കാണ് ഈ പണം പോയിരിക്കുന്നത്. ഡിജിറ്റൽ തെളിവുകൾ പൊലീസ് ശേഖരിച്ച് വരുന്നതേയുള്ളൂ. ഓഹരി വ്യാപാര കമ്പനികളുടെ ബ്രാൻഡ് അടയാളങ്ങൾ വരെ ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.
കോഴിക്കോട് സ്വദേശിയായ സംരംഭകന് സോഷ്യൽ മീഡിയ വഴിയാണ് ഓഹരി വിപണിയിൽ നിക്ഷേപം നടത്തി ലാഭമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട വിവരം കിട്ടിയത്. ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്, ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് ചേർക്കപ്പെട്ടു. ഈ ഗ്രൂപ്പുകളിൽ ഓഹരി വിപണിയുമയി ബന്ധപ്പെട്ട ടിപ്പുകൾ വരുന്നുണ്ടായിരുന്നു. ഇത് വഴി വിശ്വാസം ആർജിച്ചു. പിന്നാലെ ഫോണിൽ ചില ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് കോഴിക്കോട് സ്വദേശിയും തന്റെ ഫോണിൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തത്.
വ്യാജ ആപ്പുകൾ വഴി ആദ്യ ഘട്ടത്തിൽ ലാഭമുണ്ടായെന്ന് വരുത്തിത്തീർത്തു. ലാഭം കണ്ട് ബോധ്യപ്പെട്ടതോടെ കൂടുതൽ വിശ്വാസമായി. തുടർന്ന് കൂടുതൽ വിപുലമായ ട്രേഡിങ് അവസരങ്ങൾക്ക് വേണ്ടി വൻതുക ചില ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാൻ ഇവർ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവിധ അക്കൗണ്ടുകളിലേക്ക് പണം ഇട്ടുകൊടുത്തത്. എന്നാൽ ഇടയ്ക്ക് സംശയം തോന്നി സൈബർ പൊലീസിന്റെ ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ടു. അപ്പോഴാണ് വലിയ തട്ടിപ്പാണ് നടന്നതെന്ന് ബോധ്യപ്പെട്ടത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കുന്നുണ്ട്. സമാനമായ തരത്തിൽ അടുത്ത കാലത്തായി തട്ടിപ്പുകൾ വർദ്ധിച്ചു വരുന്ന സാഹചര്യമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഓഹരി വിപണിയിലെ ലാഭം പ്രതീക്ഷിച്ച് പണം നിക്ഷേപിക്കാൻ തയ്യാറാവുന്നവരെ കബളിപ്പിക്കുന്ന തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടവയിൽ ഏറ്റവും വലിയ തുകയുടെ തട്ടിപ്പുകളിലൊന്നാണ് ഇപ്പോഴത്തെ ഈ സംഭവം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam