
കോഴിക്കോട്: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് മൂന്ന് അംഗ സംഘം ഹോട്ടൽ അടിച്ചു തകർത്തു. കോഴിക്കോട് ഗോവിന്ദപുരത്തെ അളിയൻസ് ഹോട്ടലിൽ ആണ് മദ്യപിച്ചെത്തിയ യുവാക്കളുടെ പരാക്രമം. ആക്രമണത്തിൽ ഹോട്ടലിലെ ജീവനക്കാർക്കും പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ച് എത്തിയ മൂന്നംഗസംഘം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. പണം നൽകാതെ മടങ്ങാനുള്ള നീക്കം ജീവനക്കാർ തടഞ്ഞു. തുടർന്നായിരുന്നു ആക്രമണം. വടിയും കല്ലും ഉപയോഗിച്ച് ഹോട്ടൽ തകർത്തു. ഭക്ഷണ വിഭവങ്ങളും കേടുവരുത്തി. ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
ആക്രമി സംഘത്തിൽ രണ്ടു പേർ കടന്നു കളഞ്ഞു. ഒരാളെ ജീവനക്കാർ തടഞ്ഞുവച്ച് പോലീസിൽ ഏല്പിച്ചു. പ്രദേശ വാസികളാണ് പ്രതികൾ. ബന്ധുക്കളായ മൂന്ന് പേർ ചേർന്ന് തുടങ്ങിയതാണ് അളിയൻസ് ഹോട്ടൽ. രണ്ടാഴ്ച മുമ്പാണ് തുറന്നത്. ഒരു ലക്ഷത്തി പതിനായിരം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കഴിഞ്ഞ ആഴ്ച കോവൂരിലും സമാനമായ ആക്രമണം നടന്നിരുന്നു. പൊറാട്ടക്ക് ചൂടില്ലെന്ന് പറഞ്ഞു നാദാപുരത്തും ഹോട്ടലിൽ ആക്രമണം നടന്നു. ഇതിന് പിറകെയാണ് അളിയൻസ് ഹോട്ടലിലെ ആക്രമണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam