
കൊച്ചി: കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷ ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതിയും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ അരുൺ അടക്കം അഞ്ച് പ്രതികൾക്കാണ് കോടതി ജാമ്യം അനുവദിച്ചത്. സെപ്റ്റംബർ 6 മുതൽ മുതൽ 5 പേരും റിമാൻഡ് കഴിയുകയായിരുന്നു.
ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗവും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ കെ അരുണ്‍, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളായ അശിന്‍, രാജേഷ്, മുഹമ്മദ് ഷബീര്‍, സജിന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. അരുണിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ പരാതി ഉയർന്നിട്ടും കേസെടുക്കാൻ തുടക്കത്തിൽ പൊലീസ് തയ്യാറായിരുന്നില്ല. ഒടുവിൽ വിവാദമായതോടെ, ആശുപത്രി സംരക്ഷണ നിയമം, അന്യായമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, മർദ്ദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇതിൽ ആശുപത്രി സംരക്ഷണ നിയമം അനുസരിച്ചുള്ള കേസ് ജാമ്യമില്ലാത്തതാണ്. ഇതിന് പുറമേ ഐപിസി 333 വകുപ്പ് പ്രകാരം കൂടി പൊലീസ് കേസെടുത്തിട്ടുണ്ട്. പൊതുസേവകനെ ഗുരുതരമായി പരുക്കേൽപ്പിച്ചെന്ന ഈ വകുപ്പ് 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കമിട്ടത്. ഇവര്‍ മടങ്ങി പോയതിന് പിന്നാലെ സ്ഥലത്തെത്തിയ സംഘം സുരക്ഷാ ജീവനക്കാരെ അക്രമിക്കുകയായിരുന്നു. രോഗികളെ സന്ദര്‍ശിക്കാന്‍ എത്തിയവര്‍ക്കും മര്‍ദനമേറ്റു. മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകന്‍ ഷംസുദ്ദീനെയും സംഘം അക്രമിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി. സൂപ്രണ്ടിനെ കാണാനെത്തിയ വനിതയോട് സുരക്ഷാ ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാ ജീവനക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam