സുരക്ഷാ ജീവനക്കാരെ ആക്രമിച്ച സംഭവം; മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാനായില്ല, ഒളിവിലെന്ന് പൊലീസ്

Published : Sep 02, 2022, 03:00 PM ISTUpdated : Sep 03, 2022, 09:18 AM IST
സുരക്ഷാ ജീവനക്കാരെ ആക്രമിച്ച സംഭവം; മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാനായില്ല, ഒളിവിലെന്ന് പൊലീസ്

Synopsis

പ്രതികള്‍ ഒളിവിലാണെന്നാണ് പൊലീസിന്‍റെ വാദം. എന്നാല്‍ പൊലീസ് പ്രതികളെ സഹായിക്കുകയാണെന്ന് മര്‍ദ്ദനത്തിരയായ ജീവനക്കാര്‍ പറഞ്ഞു. നാളെ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്താനും ജീവനക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ്ഐ നേതാവിന്‍റെ നേതൃത്വത്തിലുളള സംഘം ആക്രമിച്ച സംഭവത്തില്‍ മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാനായില്ല. പ്രതികള്‍ ഒളിവിലാണെന്നാണ് പൊലീസിന്‍റെ വാദം. എന്നാല്‍ പൊലീസ് പ്രതികളെ സഹായിക്കുകയാണെന്ന് മര്‍ദ്ദനത്തിരയായ ജീവനക്കാര്‍ പറഞ്ഞു. നാളെ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്താനും ജീവനക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഡിവൈഎഫ് ജില്ലാ ജോയിന്‍റ് സെക്രട്ടറിയും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ കെ അരുണിന്‍റെ നേതൃത്വത്തിലുളള 16 അംഗസംഘമാണ് ബുധനാഴ്ച രാവിലെ 10 മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിന്‍റെ പ്രധാന കവാടത്തില്‍ വച്ച് മൂന്ന് സുരക്ഷാ ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിച്ചത്. സൂപ്രണ്ടിനെ കാണാനെത്തിയ അരുണിനെയും ഭാര്യയെയും സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതായിരുന്നു പ്രകോപനം. പിന്നാലെ അരുണ്‍ വിളിച്ചു വരുത്തിയ 15 അംഗ സംഘമാണ് മെഡിക്കല്‍ കോളജിന് മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ ഗുണ്ടാവിളയാട്ടം നടത്തിയത്.  പ്രതികള്‍ക്കെതിരെ ആദ്യം കേസ് എടുക്കാന്‍ മടിച്ച പൊലീസ് സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ കേസെടുത്തെങ്കിലും അന്വേഷണം പ്രഹസനമായി മാറി. പ്രതികള്‍ ഒളിവിലെന്നാണ് അന്വേഷണ സംഘത്തിന്‍റെ വാദം. അരുണ്‍ ഉള്‍പ്പെടെ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ തിരിച്ചറ‍ിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും മെഡിക്കല്‍ കോളേജ് എസി പി കെ സുദര്‍ശന്‍ പറഞ്ഞു. എന്നാല്‍ ഉന്നത സ്വാധീനത്താല്‍ പ്രതികളെ സംരക്ഷിക്കുന്നുവെന്നാണ് മര്‍ദ്ദനമേറ്റ ജീവനക്കാരുടെ ആരോപണം. 

മെഡിക്കല്‍ കോളേജിനടുത്ത കോവൂര്‍ സ്വദേശിയാണ് സിപിഎം പ്രാദേശിക നേതാവും ഡിവൈഎഫ്ഐ ജില്ലാ നേതാവുമായ അരുണ്‍. മറ്റു പ്രതികളും മെഡിക്കല്‍ കോളേജിന് പരിസരത്തുളളവരാണ്. ഇതേ സംഘം മുമ്പും മെഡിക്കല്‍ കോളേജില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് സുരക്ഷാ ജീവനക്കാര്‍ പറയുന്നു. സംഭവത്തില്‍ ഡിവൈഎഫ്ഐ, സിപിഎം നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണത്തിന് ഇഡി വരേണ്ട സാഹചര്യം ഇല്ലെന്ന് മുഖ്യമന്ത്രി, 'നല്ല അന്വേഷണം നടക്കുന്നു'
'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്