'നിയമസഭ കയ്യാങ്കളികേസ് പിന്‍വലിക്കാന്‍ ശ്രമിച്ച സര്‍ക്കാരിനേറ്റ പ്രഹരം,വിചാരണയ്ക്ക് ഹാജരാകണം': ചെന്നിത്തല

By Web TeamFirst Published Sep 2, 2022, 2:53 PM IST
Highlights

മുട്ടാപ്പോക്ക് പറയാതെ പ്രതികള്‍ വിചാരണയ്ക്ക്  ഹാജരകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കൊച്ചി: നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ ശ്രമിച്ച സര്‍ക്കാരിനേറ്റ പ്രഹരമാണ് ഹൈക്കോടതി നടപടിയെന്ന് ചെന്നിത്തല. മുട്ടാപ്പോക്ക് പറയാതെ പ്രതികള്‍ വിചാരണയ്ക്ക്  ഹാജരകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. നിയമസഭ കയ്യാങ്കളി കേസില്‍ വിടുതൽ ഹർജിയിൽ വിധി വരുന്നത് വരെ വിചാരണ സ്റ്റേ ചെയ്യാനുള്ള പ്രതികളുടെ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. വി ശിവൻകുട്ടി അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. പ്രതികൾ വിചാരണയ്ക്ക് ഹാജരാകണമെന്ന് കോടതി നിർദ്ദേശം നല്‍കി. ഹർജിയിൽ ഈ മാസം 26 ന് കോടതി വിശദമായ വാദം കേൾക്കും. 

മുന്‍ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് നിലവിലെ വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെ വിചാരണ നേരിടാന്‍ പോകുന്നത്. ശിവൻകുട്ടിക്ക് പുറമെ ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്, കെ കുഞ്ഞമ്മദ്, സി കെ സദാശിവൻ എന്നിവരാണ് മറ്റ് പ്രതികൾ. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം സുപ്രീംകോടതി രൂക്ഷവിമര്‍ശനത്തോടെ തള്ളിയിരുന്നു. ആദ്യം തിരുവനന്തപുരം സിജെഎം കോടതിയിലാണ് സര്‍ക്കാരിന്‍റെ ആവശ്യം തള്ളിയത്. ഇതിന്‍റെ  അപ്പീല്‍ തള്ളിയ സുപ്രീം കോടതി വിചാരണ നടത്താന്‍ നിര്‍ദേശിച്ചു. ഇതിന് പിന്നാലെ പ്രതികള്‍ അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി വിടുതല്‍ ഹര്‍ജികള്‍ നല്‍കി.

പ്രധാന തെളിവായ ദൃശ്യങ്ങളുടെ ആധികാരികതെയ ചോദ്യം ചെയ്ത പ്രതികള്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ചില നേതാക്കളെ മാത്രം തിരഞ്ഞു പിടിച്ച് പ്രതിയാക്കിയതാണെന്നും ഹര്‍ജികളില്‍ ആരോപിച്ചു. എന്നാല്‍ മാതൃകയാകേണ്ട ജനപ്രതിനിധികളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തികളാണ് നിയമസഭയില്‍ നടന്നതെന്നും പ്രതികള്‍ വിചാരണ നേരിടാനുമായിരുന്നു വിടുതല്‍ ഹര്‍ജികള്‍ തള്ളിയുള്ള സിജെഎമ്മിന്‍റെ ഉത്തരവ്. 

click me!