
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയും ഡിവൈഎഫ്ഐ നേതാവുമായ കെ അരുണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആരോഗ്യവകുപ്പിന് കീഴിലെ കരാര്‍ ജീവനക്കാരനാണ് കെ അരുണ്‍ എന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് കീഴിലെ വെയര്‍ഹൗസിലെ പായ്ക്കിംഗ് വിഭാഗത്തിലായിരുന്നു അരുണിന്‍റെ ജോലി. എന്നാല്‍ മാസങ്ങളായി അരുണ്‍ ജോലിക്ക് വരാറില്ലെന്നാണ് മാനേജരുടെ വിശദീകരണം. കേസില്‍ പ്രതികളായ ഡിവൈഎഫ്ഐ നേതാക്കള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യേപക്ഷയില്‍ കോടതി നാളെ വിധി പറയും.
ഇക്കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നില്‍ ഗുണ്ടാവിളയാട്ടം നടത്തിയ കേസിലെ പ്രതികളായ ഡിവൈഎഫ്ഐ നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് പ്രധാന പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. മെഡിക്കല്‍ കോളജിന്‍റെ പ്രധാന കവാടത്തില്‍ ജോലി ചെയ്യുകയായിരുന്ന മൂന്ന് സുരക്ഷാ ജീവനക്കാരെയും ദൃശ്യങ്ങളെടുത്ത മാധ്യമ പ്രവര്‍ത്തകനെയും ക്രൂരമായി മര്‍ദ്ദിച്ച സംഘത്തിലെ പ്രധാനി ആരോഗ്യ വകുപ്പിനു കീഴില്‍ ശന്പളം വാങ്ങിയിരുന്ന വ്യക്തിയെന്ന കാര്യമാണ് പുറത്ത് വന്നത്. ഒന്നാം പ്രതിയും ഡിവൈഎഫ്ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമായ കെ അരുണ്‍ ആരോഗ്യ വകുപ്പിനു കീഴില്‍ മെഡി കേരള മെഡിക്കൽ സർവീസ് കോർപറേഷൻ നടുവണ്ണൂർ സംഭരണ ശാലയിലെ പാക്കിംഗ് ജീവനക്കാരനായി വര്‍ഷങ്ങളായി ജോലി ചെയ്തു വന്ന വ്യക്തിയാണ്. എന്നാല്‍ ആറ് മാലമായി അരുൺ ജോലിക്ക് വരുന്നില്ലെന്നാണ് മാനേജരുടെ വിശദീകരണം. എന്നാല്‍ ജീവനക്കാരുടെ പട്ടികയില്‍ നിന്ന് അരുണിന്‍റെ പേര് നീക്കിയിട്ടില്ലെന്നും മാനേജര്‍ വ്യക്തമാക്കി.
അതിനിടെ, അരുണ്‍ അടക്കമുളള പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ കോടതി നാളെ വിധി പറയും. സംഭവം നടന്ന് ആറ് ദിവസമായിട്ടും പ്രതികളെ പിടികൂടാതെ കോഴിക്കോട് സിറ്റി പൊലീസ് ഒത്തുകളി നടത്തുന്നതായി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് മെഡിക്കല്‍ കോളജ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam