
കോഴിക്കോട്: മാനസികമായി പീഡിപ്പിക്കുന്നുവെന്ന പിജി വിദ്യാർത്ഥികളുടെ പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് അധ്യാപകർക്കെതിരെ നടപടി. സൈക്യാട്രി വിഭാഗത്തിലെ അധ്യാപകരായ ഡോ. അനിതകുമാരി, ഡോ.സ്‌മിത എന്നിവരെ സ്ഥലം മാറ്റി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടേതാണ് ഉത്തരവ്. പൊതുവേദിയിലും രോഗികൾക്ക് മുൻപിലും വിദ്യാർത്ഥികളെ അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് സൈക്യാട്രി വിഭാഗത്തിലെ അധ്യാപകരായ ഡോ.അനിത, ഡോ.സ്മിത എന്നിവർക്കെതിരെ വിദ്യാർത്ഥികൾ പരാതി നൽകിയത്.
സൈക്യാട്രി വിഭാഗത്തിലെ 12 വിദ്യാർത്ഥികളും പരാതി നൽകിയതോടെ പ്രാഥമിക അന്വേഷണം നടത്തി പ്രിൻസിപ്പാൾ ഡി.എംഇക്ക് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് പഠിച്ച ശേഷമാണ് ഇരുവർക്കുമെതിരെ മൂന്നംഗ സമിതിയെ വച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തിയത്. ആരോപണ വിധേയരായ അധ്യാപകർ മെഡിക്കൽ കോളേജിൽ തുടർന്നാൽ പരാതി ഉന്നയിച്ച വിദ്യാർത്ഥികൾക്ക് അനുകൂലമായ പഠനസാഹചര്യം ഉണ്ടാവില്ലെന്നായിരുന്നു സമിതിയുടെ കണ്ടെത്തൽ. ഇതിനെ തുടർന്നാണ് ഡോ അനിതയെ ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിലേക്കും ഡോ സ്മിതയെ കൊല്ലം മെഡിക്കൽ കോളേജിലേക്കും സ്ഥലം മാറ്റിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam