പൂനൂർ പുഴയിൽ വെള്ളം പൊങ്ങി, വീടുകൾ മുങ്ങുന്നു, എന്തു ചെയ്യണമെന്നറിയാതെ നാട്ടുകാർ

By Web TeamFirst Published Aug 11, 2019, 2:11 PM IST
Highlights

കോഴിക്കോട്ട് മഴ കുറഞ്ഞിട്ടും പൂനൂർ പുഴയിൽ വെള്ളം കയറുകയാണ്. എന്ത് ചെയ്യണമെന്നറിയില്ല. നാട്ടുകാർ ആശങ്കയിലാണ്. വീടുകളെല്ലാം ഒന്നാം നില കവിഞ്ഞും മുങ്ങുന്നു. 

കോഴിക്കോട്: മുക്കത്തിനടുത്ത് പൂനൂരിൽ ഒട്ടും ആശാവഹമല്ല സ്ഥിതി. ഇന്ന് കോഴിക്കോട് ഓറഞ്ച് അലർട്ട് മാത്രമേയുള്ളൂ. കോഴിക്കോട് വലിയ മഴയില്ല ഇന്ന്. എന്നിട്ടും പൂനൂർ പുഴയിൽ വെള്ളം പൊങ്ങുകയാണ്. നിരവധി വീടുകൾ വെള്ളത്തിനടിയിലായി. ഇനി എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് പ്രദേശത്തെ വീട്ടുകാർ. 

ഒരു ഇരുനില വീടിന്‍റെ മുകളിൽ നിന്ന് നോക്കുമ്പോൾ തൊട്ടു താഴെ വരെ വെള്ളം കയറിയിരിക്കുന്നു. പൂനൂരിന്‍റെ ഭാഗത്ത് വീണ്ടും ഉച്ചയോടെ മഴ തുടങ്ങിയത് ആശങ്ക കൂട്ടുകയാണ്. പൂനൂരിന്‍റെ ഭാഗത്തു നിന്നുള്ള എല്ലാവരെയും ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. 

''പുഴ കവിഞ്ഞൊഴുകി. പുഴ പോലെയാണ് ഈ പ്രദേശത്ത് വെള്ളം കുത്തിയൊഴുകുന്നത്. കണ്ണാടിക്കൽ - പൂളക്കടവ് ഭാഗത്ത് മുഴുവൻ വെള്ളം കയറി. കിണറിലടക്കം അഴുക്കുവെള്ളമാണ്. ഇനി കുടിവെള്ളമുൾപ്പടെ പ്രശ്നത്തിലാകും'', എന്ന് പ്രദേശവാസി. 

1961-ലാണ് ഈ പ്രദേശത്ത് വലിയൊരു പ്രളയമുണ്ടായതെന്ന് പഴമക്കാർ ഓർക്കുന്നു. കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ നിന്ന് കര കയറി വരികയായിരുന്നു. അപ്പോഴേക്കാണ് വീണ്ടും ഒരു പ്രളയം. 

click me!