
കോഴിക്കോട്: ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് സ്കൂൾ പ്രവേശനം നിഷേധിച്ചെന്ന് പരാതി. കോഴിക്കോട് സെന്‍റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിനെതിരെ പരാതിയുമായി രക്ഷിതാവ് രംഗത്തെത്തി. എന്നാൽ വിദ്യാർത്ഥി പ്രവേശന പരീക്ഷയിൽ ആവശ്യമായ മാർക്ക് വാങ്ങിയില്ലെന്നും മികച്ച മാർക്കുള്ള ഭിന്നശേഷിക്കാരായ മറ്റ് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയിട്ടുണ്ടെന്നും പ്രധാന അധ്യാപകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോഴിക്കോട് കുറ്റിച്ചിറ സ്വദേശിയായ വിദ്യാർത്ഥിയാണ് പ്രവേശനം നിഷേധിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. തലാസീമിയ എന്ന അസുഖം ബാധിച്ച് നാൽപ്പത് ശതമാനം ഭിന്നശേഷിയുള്ള വിദ്യാർത്ഥി പ്രവേശന പരീക്ഷയിൽ ആവശ്യമായ മാർക്ക് വാങ്ങിയില്ലെന്ന് കാണിച്ചാണ് പ്രവേശനം നിഷേധിച്ചതെന്ന് രക്ഷിതാവ് പറയുന്നു.
പ്രവേശനം നിഷേധിച്ചെന്ന് കാണിച്ച് രക്ഷിതാവ് ചൈൽഡ് ലൈനിലും സംസ്ഥാന ഭിന്നശേഷി കമ്മീഷണർക്കും പരാതി നൽകി. 2016ലെ ഭിന്നശേഷിക്കാർക്കുള്ള ദേശീയ നിയമം 31ആം വകുപ്പ് പ്രകാരം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വൈകല്യമുള്ള കുട്ടികൾക്ക് വീടിനടുത്തുള്ള പ്രവേശനവും സീറ്റ് സംവരണവും ചെയ്യണമെന്നും നിയമമുണ്ട്. ഈ നിയമ പ്രകാരം വിദ്യാർത്ഥിക്ക് പ്രവേശനം നൽകണമെന്ന് കാണിച്ച് സ്കൂളിന് കമ്മീഷൻ കത്തയച്ചു. എന്നാൽ സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴും ഒരു മറുപടിയും കിട്ടിയിട്ടില്ലെന്ന് രക്ഷിതാവ് പറയുന്നു.
അതേസമയം പ്രവേശന പരീക്ഷയിൽ കുട്ടിക്ക് മികച്ച മാർക്ക് നേടാനായില്ലെന്നും പ്രവേശന സമയത്ത് ഭിന്നശേഷിയുള്ളത് അറിയിച്ചില്ലെന്നുമാണ് പ്രധാനാധ്യാപകന്‍റെ വിശദീകരണം. ഈ വർഷം പ്രവേശന നടപടികൾ അവസാനിച്ചെന്നും അടുത്ത വർഷം മാത്രമേ എന്തെങ്കിലും ചെയ്യാനാകു എന്നും പ്രധാനധ്യാപകൻ തോമസ് മാത്യു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam