കൊടി സുനിയുടെ ഭീഷണി; നമ്പറടക്കം പരസ്യപ്പെടുത്തി മജീദിന്‍റെ കുടുംബം പരാതി നൽകി

By Web TeamFirst Published Jun 29, 2019, 5:42 PM IST
Highlights

സുനിയുടെ ഭീഷണി നിലനിൽക്കുന്നതിനാൽ തനിക്കും കുടുംബത്തിനും സംരക്ഷണം നൽകണമെന്ന് ഷബീന പരാതിയിൽ ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കോഴിക്കോട്: കൊടുവള്ളി നഗരസഭാംഗവും ഖത്തറിലെ സ്വർണ്ണവ്യാപാരിയുമായ കോഴിശേരി മജീദിനെ കൊടി സുനി ഫോണിൽ വിളിച്ച് ഭീക്ഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മജീദിന്റെ ഭാര്യ എ കെ ഷെബീന പൊലീസിൽ പരാതി നൽകി. കൊടുവള്ളി സിഐക്കാണ് പരാതി നൽകിയത്. 

സുനിയുടെ ഭീക്ഷണി നിലനിൽക്കുന്നതിനാൽ തനിക്കും കുടംബത്തിനും സംരക്ഷണം നൽകണമെന്ന് ഷബീന പരാതിയിൽ അവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ടി പി  ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന കൊടി സുനി തന്നെ ഫോണില്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് മജീദ് ഖത്തർ എംബസിക്ക് പരാതി നല്‍കിയിരുന്നു. സുനിയുടെ സുഹൃത്തിന്റെ കൈവശമുള്ള സ്വര്‍ണം രേഖയില്ലാതെ വാങ്ങാന്‍ വിസമ്മതിച്ചതാണ് ഭീഷണിയ്ക്കു കാരണമെന്ന് മജീദ് പരാതിയില്‍ ആരോപിച്ചു.

കഴിഞ്ഞമാസം 20-ന്  9207073215-എന്ന നമ്പറില്‍ നിന്ന് വിളിച്ചാണ് സുനി തന്നെ ഭീഷണിപ്പെടുത്തിയത്. കണ്ണൂര്‍ സ്വദേശി ഫെഫീക് എന്നയാളാണ് ആദ്യം വിളിച്ചത്. ഇയാള്‍ സ്വര്‍ണം വില്‍ക്കാനുണ്ടെന്ന് അറിയിക്കുകയും നിരക്കും മറ്റും ചോദിക്കുകയും ചെയ്തു. പൊലീസ് ക്ലിയറന്‍സ് റിപ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും വേണമെന്ന് താന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് കൊടി സുനിയെന്ന് പരിചയപ്പെടുത്തിയ ആള്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. കൊത്തിക്കളയുമെന്നായിരുന്നു ഭീഷണി. ഭീഷണി പലവട്ടം തുടര്‍ന്നുവെന്നും മജീദ് പൊലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ മജീദിന്‍റെ ഭാര്യയും മാതാവും ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു.  

click me!