സിനിമ ചിത്രീകരണം തടയുമെന്ന യൂത്ത് കോൺ​ഗ്രസ് പ്രഖ്യാപനത്തിനെതിരെ കെപിസിസി

By Web TeamFirst Published Nov 9, 2021, 7:04 PM IST
Highlights

ഇന്ധന വിലവർദ്ധനക്കെതിരെ സമരം ശക്തമായി തുടരാനും ഇന്ന് ചേർന്ന കെപിസിസി യോഗത്തിൽ തീരുമാനമായി. സമരത്തിൻ്റെ അടുത്ത പടിയായി സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെ മനുഷ്യച്ചങ്ങല തീർക്കും. 

തിരുവനന്തപുരം:  സിനിമാ ചിത്രീകരണം തടയുമെന്ന യൂത്ത് കോൺഗ്രസ് പ്രഖ്യാപനത്തിനെതിരെ കെപിസിസി നേതൃയോഗത്തിൽ രൂക്ഷവിമർശനം. ജോജുവിനെതിരായ സമരം സിനിമാ മേഖലയാകെ പടർത്തരുതെന്ന് യോഗത്തിൽ പ്രസിഡൻ്റ് കെ സുധാകരൻ പറഞ്ഞു. സിനിമ സർഗാത്മക പ്രവർത്തനമാണ്  ഈ വ്യവസായത്തെ തടയുന്ന രീതി ശരിയല്ലെന്നും സുധാകരൻ വിമർശിച്ചു. ഇക്കാര്യം യൂത്ത് കോൺഗ്രസിനെ അറിയിക്കാനും തീരുമാനിച്ചു. 

ഇന്ധന വിലവർദ്ധനക്കെതിരെ സമരം ശക്തമായി തുടരാനും ഇന്ന് ചേർന്ന കെപിസിസി യോഗത്തിൽ തീരുമാനമായി. സമരത്തിൻ്റെ അടുത്ത പടിയായി സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെ മനുഷ്യച്ചങ്ങല തീർക്കും. സമരത്തിന് പൂർണ്ണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അറിയിച്ചു. സമരത്തിൽ പങ്കെടുക്കാത്തത് സംബന്ധിച്ച തൻ്റെ ഇന്നലത്തെ വിശദീകരണം മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും സതീശൻ പറഞ്ഞു ഇന്ധന വിലക്കെതിരെ ബ്ലോക്ക് തലം മുതൽ സമരം നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്. 21,22  തീയതികളിൽ  കെപിസിസി ഭാരവാഹി ക്യാമ്പ് നടത്താനും തീരുമാനമായി.

ജോജുവിനെതിരെ ഇന്നും യൂത്ത് കോണ്ഗ്രസിൻ്റെ സമരപരിപാടിയുണ്ടായിരുന്നു. സ്റ്റാര്‍ എന്ന ജോജുവിന്റെ ചിത്രം പ്രദർശിപ്പിച്ച എറണാകുളം ഷേണായീസ് തീയേറ്ററിലേക്ക് യൂത്ത് കോൺ​ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ജോജുവിന്‍റെ ചിത്രം പതിച്ച റീത്തുമായിട്ടായിരുന്നു പ്രകടനം. തീയേറ്ററിന് മുന്നില്  റീത്ത് വെക്കുകയും ചെയ്തു

അതേസമയം ജോജുവിൻ്റെ കാർ തല്ലിത്തകര്‍ത്ത കേസിൽ മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ ആറ് നേതാക്കളുടെ ജാമ്യേപക്ഷയിൽ മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും. കാറിന്‍റെറെ ചില്ല് മാറ്റുന്നതിനുള്‍പ്പെടെ അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ ചെലവ് വരുമെന്നാണ് കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുള്ളത്. ഈ തുകയുടെ 50 ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കണമെന്ന് പ്രതികളുടെ അഭിഭാഷകൻ ഇന്ന് വാദിച്ചു. 

എന്നാല്‍ കാറിന്‍റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടിവെക്കണമെന്നായിരുന്നു പ്രോസിക്യൂട്ടറുടെ വാദം. ക്യാന്‍സര്‍ രോഗിക്ക് വേണ്ടിയാണ് താൻ ഹൈവേ ഉപരോധത്തെ എതിര്‍ത്തതെന്ന ജോജുവിൻ്റെ മൊഴി കള്ളമെന്ന് തെളിഞ്ഞതായി പൊലീസിന‍്റെ റിമാന്‍ഡ് റിപ്പോര്‍ട് ചൂണ്ടിക്കാട്ടി പ്രതികള്‍ വാദിച്ചു. സിനിമാ സംബന്ധമായ യാത്രക്കിടെ തന്‍റെ വാഹനം തടഞ്ഞപ്പോല്‍ ജോജു പ്രതിഷധിക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് പ്രതികള്‍ ചൂണ്ടിക്കാട്ടി.
 

click me!