'നീതിയുടെ നിലവിളി'; സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ദീപം തെളിയിച്ച് പ്രതിഷേധവുമായി കോണ്‍ഗ്രസ്

By Web TeamFirst Published Jul 7, 2021, 8:07 PM IST
Highlights

രാജ്യത്തിനകത്തും പുറത്തുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മനുഷ്യ സ്‌നേഹികളുടെയും നീതിക്കുവേണ്ടിയുള്ള നിലവിളിയെ മോദി ഭരണകൂടം നിര്‍ദയം അവഗണിക്കുകയാണു ചെയ്തതെന്ന് കെ സുധാകരന്‍.

തിരുവനന്തപുരം: ആദിവാസികള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ  പ്രതിഷേധവുമായി കോണ്‍ഗ്രസ്. സ്റ്റാന്‍ സ്വാമിയി അകാരണമായി ജയിലിലടച്ച് നീതി നിഷേധിച്ച ഭരണകൂട ഭീകരതയ്‌ക്കെതിരേ കെപിസിസിയുടെ ആഭിമുഖ്യത്തില്‍   ഒന്‍പതാം വെള്ളിയാഴ്ച  ദീപം തെളിയിച്ച് പ്രതിഷേധിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍ എംപി അറിയിച്ചു.

'നീതിയുടെ നിലവിളി' എന്ന പേരില്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക്  280 കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളില്‍  നടക്കുന്ന പ്രതിഷേധ പരിപാടി നടത്തും. ഫാ സ്റ്റാന്‍ സ്വാമിയുടെ ചിത്രത്തിനു മുന്നില്‍ ദീപം തെളിയിക്കും. കൊവിഡ്  മാനദണ്ഡം പാലിച്ചാണ് പരിപാടി നടത്തുക. അധഃസ്ഥിതരുടെ ഇടയില്‍ അരനൂറ്റാണ്ടിലധികം പ്രവര്‍ത്തിച്ച ഫാ സ്റ്റാന്‍ സ്വാമിയെ 84-ാം വയസില്‍ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചത് കടുത്ത നീതിനിഷേധവും നഗ്നമായ മനുഷ്യാവകാശ ലംഘനവുമാണെന്ന് കെപിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടി.   

പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പെടെയുള്ള രോഗങ്ങളുള്ള അദ്ദേഹത്തിന് പ്രാഥമിക ചികിത്സ പോലും നിഷേധിച്ചിരുന്നു. 8 മാസം ജയിലില്‍ നരകയാതന അനുഭവിച്ച അദ്ദേഹം ഭരണകൂട ഭീകരതയുടെ ഇരയാണ്. തന്റെ രോഗം പ്രതിദിനം ക്ഷയിക്കുകയാണെന്നും മരണം വൈകാതെ സംഭവിക്കുമെന്നുമുള്ള അദ്ദേഹത്തിന്റ മുന്നറിയിപ്പുപോലും അധികൃതര്‍ ഗൗനിച്ചില്ലെന്നും അതാണ് മരണത്തിലേക്കു നയിച്ചതെന്നും വിദഗ്ധര്‍ പറയുന്നു.   രാജ്യത്തിനകത്തും പുറത്തുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മനുഷ്യ സ്‌നേഹികളുടെയും നീതിക്കുവേണ്ടിയുള്ള നിലവിളിയെ മോദി ഭരണകൂടം നിര്‍ദയം അവഗണിക്കുകയാണു ചെയ്തതെന്ന് സുധാകരന്‍ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

click me!