
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലെ തോൽവി വിലയിരുത്താൻ രണ്ട് ദിവസത്തെ പ്രത്യേക രാഷ്ട്രീയകാര്യസമിതി യോഗം വിളിച്ച് കെപിസിസി. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ തദ്ദേശതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കെതിരെ പാർട്ടിക്കുള്ളിലും പുറത്തും വിമർശനം ശക്തമായതിന് പിന്നാലെയാണ് വിപുലമായ നേതൃയോഗം വിളിക്കാൻ ധാരണയായത്.
ജനുവരി 6,7, തീയതികളിലാണ് വിപുലമായ രാഷ്ട്രീയകാര്യസമിതിയോഗം കെപിസിസി വിളിച്ചു കൂട്ടിയിരിക്കുന്നത്. കെപിസിസിയുടെ മുഴുവൻ ഭാരവാഹികളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. യോഗത്തിന് മുന്നോടിയായി ജില്ലകളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ ഓരോ ജില്ലയിലേയും റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. നിയോജക മണ്ഡലങ്ങളിലും കെ പി സി സി സെക്രട്ടറിമാർക്ക് ചുമതല നൽകും.
തദ്ദേശതെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രവർത്തനം വിലയിരുത്താൻ ഇന്ന് ചേർന്ന കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണുണ്ടായത്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയുണ്ടായിട്ടില്ലെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യോഗത്തിൽ വാദിച്ചത്. 2015-ലെ തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഫലമാണ് അവർ ഈ വാദത്തിന് അടിസ്ഥാനമാക്കിയത്. പക്ഷേ 2015-ലെ കണക്കുകൾ നിരത്തി പാർട്ടിയും മുന്നണിയും നേരിട്ട പരാജയം മറച്ചുവയ്ക്കാനാവില്ലെന്ന് നേതാക്കൾ തിരിച്ചടിച്ചു.
യോഗത്തിൽ പങ്കെടുത്ത കെ.സുധാകരൻ അതിരൂക്ഷവിമർശനമാണ് നേതാക്കൾക്ക് നേരെ ഉയർത്തിയത്. വെൽഫെയർ പാർട്ടിയുമായുള്ള നീക്കുപോക്കിനെ ചൊല്ലിയുള്ള തർക്കം അപകടമുണ്ടാക്കിയെന്ന് സുധാകരൻ യോഗത്തിൽ പറഞ്ഞു. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമായിരുന്നുവെന്നും പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ താഴെത്തട്ടു മുതൽ അഴിച്ചു പണി വേണമെന്നും പ്രവർത്തിക്കാത്ത മുഴുവൻ പേരെയും ഒഴിവാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
താഴെ തട്ടിൽ പാർട്ടയില്ലാത്ത അവസ്ഥയാണുള്ളതെന്ന് പിജെ കുര്യൻ യോഗത്തിൽ തുറന്നടിച്ചു. തദ്ദേശതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർണയിച്ചത് ഗ്രൂപ്പടിസ്ഥാനത്തിലാണെന്നും പാവപ്പെട്ട സ്ഥാനാർത്ഥികൾക്ക് ഒരു നയാ പൈസ പോലും പ്രചാരണത്തിനായി നൽകാൻ കെപിസിസിക്ക് കഴിഞ്ഞില്ലെന്നും പിജെ കുര്യൻ പരാതിപ്പെട്ടു.
തദ്ദേശതെരഞ്ഞെടുപ്പിലുണ്ടായ തോൽവി നേതൃത്വം അംഗീകരിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ യോഗത്തിൽ ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടിയുമായുള്ള നീക്കുപോക്ക് സംബന്ധിച്ച നേതാക്കളുടെ വാക്ക്പോര് അപകടമുണ്ടാക്കിയെന്നും അനാവശ്യവിവാദം ഒഴിവാക്കണമായിരുന്നുവെന്നും ഷാനിമോൾ അഭിപ്രായപ്പെട്ടു.
നിലപാട് സംബന്ധിച്ച കൃത്യമായ സന്ദേശം നേതൃത്വം നൽകണമായിരുന്നു. ഏകോപനത്തിന് പകരം തർക്കങ്ങൾക്കാണ് കെപിസിസി അധ്യക്ഷൻ നേതൃത്വം നൽകിയതെന്നും ഷാനിമോൾ പറഞ്ഞു. പാർട്ടിയിൽ ഒരു ചർച്ചയും നടക്കുന്നില്ലെന്നും ജോസ് കെ മാണിക്ക് രാജ്യ സഭ സീറ്റ് നൽകിയപ്പോൾ പോലും രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ച ചെയ്തില്ലെന്നും പിസി ചാക്കോ വിമർശിച്ചു.
തെരഞ്ഞെടുപ്പിൽ തോറ്റെന്ന് തുറന്നു പറയാനെങ്കിലും നേതൃത്വം തയ്യാറാവണമെന്ന് വിഡി സതീശൻ യോഗത്തിൽ പറഞ്ഞു. സ്ഥാനാർത്ഥി നിർണയം ഗ്രൂപ്പ് അടിസ്ഥാനത്തിലായെന്നും വോട്ടു ബാങ്കിൽ ചോർച്ചയുണ്ടായെന്നും വിഎം സുധീരൻ യോഗത്തിൽ വിമർശിച്ചു. എ ഗ്രൂപ്പിലെ പ്രമുഖനായ പിസി വിഷ്ണുനാഥും രൂക്ഷവിമർശനമാണ് നേതൃത്വത്തിനെതിരെ ഉയർത്തിയത്.
തദ്ദേശതെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ കെപിസിസിയിൽ തിരുത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. വിവിധ ജില്ലകളുടെ തെരഞ്ഞെടുപ്പ് ചുമതല വഹിച്ച ജനറൽ സെക്രട്ടറിമാരേയും സെക്രട്ടറിമാരേയും വിളിച്ചു വരുത്തിയിട്ടുണ്ട്. പരാജയ കാരണം വിലയിരുത്താൻ ശനിയാഴ്ച പ്രത്യേക യോഗം വിളിക്കും. ഓരോ ജില്ലകളിലേയും പരാജയം യോഗത്തിൽ പ്രത്യേകം വിലയിരുത്തും.
വലിയ കലാപമാണ് കോൺഗ്രസിനുള്ളിൽ നടക്കുന്നത്. പല ജില്ലകളിലും ഡിസിസികൾക്കെതിരെ പ്രാദേശിക നേതാക്കളും യുവനേതാക്കളും രംഗത്തു വന്നിയിട്ടുണ്ട്. തൊലിപ്പുറത്തുള്ള ചികിത്സ പോരെന്നും നേതൃമാറ്റമടക്കം കാര്യമായ അഴിച്ചു പണി പാർട്ടിയിൽ വേണമെന്നും കെ.സുധാകരനും കെ.മുരളീധരനും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam