സ്ഥാനാർത്ഥി നിർണയം: കെപിസിസി തെരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരും

By Web TeamFirst Published Sep 25, 2019, 7:13 AM IST
Highlights
  • കോന്നിയിൽ അടൂർപ്രകാശ് മുന്നോട്ട് വെച്ച റോബിൻ പീറ്ററിനെ വേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ജില്ലയിലെ നേതാക്കൾ
  • എ ഗ്രൂപ്പിന്റെ സീറ്റായതിനാൽ അരൂരിൽ ഷാനിമോൾ ഉസ്‌മാന് മത്സരിക്കാനുള്ള സാധ്യതകൾ മങ്ങി
  • കെവി തോമസ് അവകാശ വാദം ഉന്നയിക്കുമ്പോഴും ടിജെ വിനോദിനാണ് എറണാകുളത്ത് മുൻതൂക്കം

തിരുവനന്തപുരം: അഞ്ച് നിയമസഭകളിലേക്കുള്ള സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ കെപിസിസിയുടെ തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും. കോന്നിയിൽ അടൂർപ്രകാശ് മുന്നോട്ട് വെച്ച റോബിൻ പീറ്ററിനെ വേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ജില്ലയിലെ നേതാക്കൾ.

സാമൂദായിക-ഗ്രൂപ്പ് സമവാക്യം ഉറപ്പാക്കി മറ്റ് മൂന്നിടത്തും സമവായത്തിലെത്താനാണ് നേതാക്കളുടെ ശ്രമം. പക്ഷെ സംസ്ഥാന കോൺഗ്രസ്സിന് മുന്നിലുള്ളത് വലിയ വെല്ലുവിളിയാണ്. അടൂർ പ്രകാശ് മുന്നോട്ട് വെച്ച റോബിൻ പീറ്ററിനെ പറ്റില്ലെന്ന് ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ രാത്രി കെപിസിസി അധ്യക്ഷനുമായുള്ള ചർച്ചയിലും ആവർത്തിച്ചു. സാമുദായിക സമവാക്യം ഊന്നിയാണ് എതിർപ്പ്. 

വട്ടിയൂർകാവും അരൂരും വെച്ച് മാറണമെന്ന എ ഗ്രൂപ്പ്നിർദ്ദേശം ഐ ഗ്രൂപ്പ് തള്ളി. ഇതോടെ അരൂരിൽ പ്രതീക്ഷ വെച്ചിരുന്ന ഷാനിമോൾ ഉസ്മാന് തിരിച്ചടിയായി. ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റ ഷാനിക്ക് അരൂർ നൽകണമെന്ന് പല നേതാക്കൾക്കും ആഗ്രഹമുണ്ട്. പക്ഷെ എ ഗ്രൂപ്പിന്റെ സീറ്റായതിനാൽ വിട്ടുകൊടുക്കാൻ ഇവർ തയ്യാറല്ല. 

കെ രാജീവ്, എസ് രാജേഷ് അടക്കമുള്ള ജില്ലയിലെ എ വിഭാഗം നേതാക്കളുടെ പേരും പരിഗണിക്കുന്നുണ്ട്. ഷാനിയെ തഴയുമ്പോൾ ന്യൂനപക്ഷ എതിർപ്പുണ്ടാകുമെന്നും കെപിസിസി കരുതുന്നു. കെവി തോമസ് അവകാശ വാദം ഉന്നയിക്കുമ്പോഴും ടിജെ വിനോദിനാണ് എറണാകുളത്ത് മുൻതൂക്കം. തെരഞ്ഞെടുപ്പ് സമിതിയിൽ അന്തിമ തീരുമാനമാകാനുള്ള സാധ്യതകുറവാണ്. തീരുമാനമെടുക്കാൻ മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്താനാണ് സാധ്യത. വൈകീട്ട് യുഡിഎഫ് യോഗവും നടക്കും.

click me!