കെപിസിസി നേതാവ് വിളിച്ചു, ആരോഗ്യ മന്ത്രി ഇടപ്പെട്ടു; പണ്ടപ്പിള്ളിയിൽ കൊവിഡ് സെന്റർ തുറന്നത് അര മണിക്കൂറിൽ

By Web TeamFirst Published Jan 9, 2021, 7:24 PM IST
Highlights

പ്രതി പക്ഷ, ഭരണപക്ഷ വേർതിരിവില്ലാതെ സഹകരണത്തിൻ്റെ വലിയ മാതൃക സൃഷ്ടിച്ച് ആരക്കുഴ പഞ്ചായത്ത് പണ്ടപ്പിള്ളിയിൽ കൊ വിഡ് സെൻ്റർ  (എഫ്എൽടിസി) തുറന്നു

പണ്ടപ്പിള്ളി:  പ്രതി പക്ഷ, ഭരണപക്ഷ വേർതിരിവില്ലാതെ സഹകരണത്തിൻ്റെ വലിയ മാതൃക സൃഷ്ടിച്ച് ആരക്കുഴ പഞ്ചായത്ത് പണ്ടപ്പിള്ളിയിൽ കൊ വിഡ് സെൻ്റർ  (എഫ്എൽടിസി) തുറന്നു.  ആരക്കുഴ കീഴ് മണ്ണ് മേഖലയിൽ നാല്പതിലേറെ പേർക്ക്  കൊവിഡ് ബാധിച്ചിട്ടും കൊവിഡ് സെൻ്റർ തുറക്കാത്ത സാഹചര്യത്തിൽ പഞ്ചായത്തിൻ്റെയും നാട്ടുകാരുടെയും ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധമുയർന്നിരുന്നു. 

അരക്കോടി രൂപ ചെലവഴിച്ച്  കഴിഞ്ഞ ഒക്ടോബറിൽ  പണ്ടപ്പിള്ളി ഗവ. യുപി സ്കൂൾ കൊവിഡ് സെൻററാക്കിയിരുന്നുവെങ്കിലും കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലും ഇത് തുറന്നു പ്രവർത്തിച്ചില്ല.  ഈ പ്രശ്നമാണ് കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ്റെ  ഒരു ഫോൺ വിളിയിലൂടെ ആരോഗ്യ മന്ത്രി കെകെ ഷൈലജ പരിഹരിച്ചത്. 

മാത്യു ഈ വിഷയം  ശ്രദ്ധയിൽപെടുത്തി അര മണിക്കൂറിനുള്ളിൽ മന്ത്രി പരിഹാരമുണ്ടാക്കി. ഇന്ന് രാവിലെ 11ന് ആരോഗ്യ മന്ത്രിയെ ബന്ധപ്പെട്ട മാത്യുവിന് ഉടൻ നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകി. 11.30 ഓടെ മന്ത്രിയും ജില്ലാ കളക്ടറും മാത്യുവിനെ തിരിച്ച് വിളിച്ച കൊ വിഡ് സെൻ്റർ തുറക്കുന്ന കാര്യം അറിയിച്ചു.

കൊ വിഡ് സെൻ്റർ തുറക്കാനുള്ള അനുമതി നൽകി പ്രത്യേക ഉത്തരവിറക്കാൻ എറണാകുളം ജില്ലാ കളക്ടർക്ക് മന്ത്രി  നേരിട്ട് നിർദ്ദേശം നൽകുകയായിരുന്നു. പണ്ടപ്പിള്ളി സിഎച്ച്സി യുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയായിരുന്നു കൊവിഡ് സെൻറർ തുറക്കുന്നതിനു തടസമായത്. 

ഇതിനെതിരെ ആർക്കുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും നേതൃത്വത്തിൽ സിഎച്ച്സിക്ക് മുന്നിൽ ധർണ നടത്തി. ഈ ധർണ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മാത്യു. ധർണയ്ക്കു ശേഷമാണ് പ്രശ്നങ്ങൾക്കു പരിഹാരമായത്.

click me!