കെപിസിസി ഭാരവാഹി പട്ടിക നാളെ പ്രഖ്യാപിച്ചേക്കും; ധാരണകൾ പാലിച്ചില്ലെങ്കിൽ കലാപക്കൊടി ഉയർത്താൻ ഗ്രൂപ്പുകൾ

By Web TeamFirst Published Oct 9, 2021, 1:32 PM IST
Highlights

ജംബോ പട്ടിക ഉണ്ടാകില്ലെന്ന തീരുമാനമെടുത്തിരിക്കുന്നതിനാല്‍ 51 അംഗ ഭാരവാഹി പട്ടികയാകും പുറത്തിറങ്ങുക. വി എസ് ശിവകുമാർ, ആര്യാടൻ ഷൗക്കത്ത്, ജ്യോതി കുമാർ ചാമക്കാല വി ടി ബല്‍റാം, അടക്കമുള്ളവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

ദില്ലി: കെപിസിസി (KPCC) ഭാരവാഹി പട്ടിക നാളെ പ്രഖ്യാപിച്ചേക്കും. കെസി വേണുഗോപാലും താരിഖ് അൻവറുമായി സംസ്ഥാന നേതാക്കള്‍ (Congress Leadership) ചർച്ച നടത്തി. കേരളത്തില്‍ തീരുമാനിച്ച മാനദണ്ഡങ്ങള്‍ ഏകപക്ഷീയമായി മാറ്റിയാല്‍ പ്രതിഷേധിക്കുമെന്നാണ് ഗ്രൂപ്പുകളുടെ മുന്നറിയിപ്പ്

ജംബോ പട്ടിക ഉണ്ടാകില്ലെന്ന തീരുമാനമെടുത്തിരിക്കുന്നതിനാല്‍ 51 അംഗ ഭാരവാഹി പട്ടികയാകും പുറത്തിറങ്ങുക. വി എസ് ശിവകുമാർ, ആര്യാടൻ ഷൗക്കത്ത്, ജ്യോതി കുമാർ ചാമക്കാല വി ടി ബല്‍റാം, അടക്കമുള്ളവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഗ്രൂപ്പിന് അതീതമായ ഒരാളെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. അഞ്ച് കൊല്ലം ഭാരവാഹിയായിരുന്നുവരെ ഒഴിവാക്കുമെന്ന മാനദണ്ഡമുള്ളതിനാല്‍ തമ്പാനൂർ രവി, ജോസഫ് വാഴക്കൻ എന്നീ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയേക്കും. 

പത്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ എന്നിവര്‍ക്ക് പ്രത്യേക പരിഗണ നല്‍കി ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും. ഡിസിസി പട്ടികയില്‍ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യവിമർശനം നടത്തിയ സാഹചര്യത്തില്‍ കരുതലോടെയാണ് കെപിസിസി ഭാരവാഹി പട്ടിക  തയ്യാറാക്കുന്നത്. ഗ്രൂപ്പുകള്‍ നല്‍കിയിരിക്കുന്ന പട്ടികയില്‍ നിന്ന് ചില പേരുകള്‍ ഉള്‍ക്കൊള്ളിക്കും. ഇന്നലെ കെസി വേണുഗോപാലുമായി വിഡി സതീശനും കെ സുധാകരനും ചർച്ച നടത്തിയിരുന്നു. ഇന്നും നാളെയുമായി ചർച്ച നടത്തി നാളെ പട്ടിക ഹൈക്കമാന്‍റിന് കൈമാറുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. 

അതേസമയും നല്‍കിയ പേരുകള്‍ പൂര്‍ണമായി ഒഴിവാക്കുകയാണെങ്കില്‍ കടുത്ത പ്രതിഷേധത്തിന് ആണ് എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. ഭാരവാഹികളുടെ എണ്ണവും മാനദണ്ഡവും കെപിസിസി രാഷ്ടീയകാര്യസമിതി തീരുമാനിച്ചിരുന്നു. ഇതില്‍ ഏകപക്ഷീയമായ മാറ്റങ്ങളുണ്ടായാൽ പ്രതിഷേധിക്കുമെന്നും. പട്ടിക അന്തിമമായി പുറത്തുവിടുന്നതിന് മുന്‍പ് ഒരു വട്ടം കൂടിയാലോചന നടത്തണമെന്നും ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

click me!