51 പേരടങ്ങുന്ന അന്തിമ പട്ടിക ഹൈക്കമാന്‍ഡിന്റെ കൈകളിൽ; കെപിസിസി ഭാരവാഹികളെ ഇന്ന് പ്രഖ്യാപിച്ചേക്കും

By Web TeamFirst Published Oct 13, 2021, 1:48 AM IST
Highlights

രാജീവന്‍ മാസ്റ്റര്‍, എം പി  വിന്‍സന്‍റ് എന്നീ മുന്‍ ഡിസിസി അധ്യക്ഷന്മാരെ തര്‍ക്കത്തെ തുടര്‍ന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചു. സമുദായ സമവാക്യം, ദളിത് വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്തി 51 പേരടങ്ങുന്ന അന്തിമ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. 

ദില്ലി: കെപിസിസി  (KPCC) ഭാരവാഹികളുടെ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ചര്‍ച്ച പൂര്‍ത്തിയാക്കി അന്തിമ പട്ടിക ഇന്നലെ ഹൈക്കമാന്‍ഡിന് കൈമാറി. രാജീവന്‍ മാസ്റ്റര്‍, എം പി  വിന്‍സന്‍റ് എന്നീ മുന്‍ ഡിസിസി അധ്യക്ഷന്മാരെ തര്‍ക്കത്തെ തുടര്‍ന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചു. സമുദായ സമവാക്യം, ദളിത് വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്തി 51 പേരടങ്ങുന്ന അന്തിമ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. പതിവ് അസ്വാര്യസങ്ങളും പരസ്യ വിമർശനങ്ങളും ഇല്ലാതെ കെപിസിസി പുനസംഘടന ചർച്ചകള്‍ പൂർത്തിയാക്കാനായെന്ന് സംസ്ഥാന നേതൃത്വം ആശ്വസിച്ചിരുന്നപ്പോഴാണ് തർക്കങ്ങൾ തുടങ്ങിയത്.

തങ്ങളോട് വേണ്ടത്ര കൂടിയാലോചന നടത്താതെയാണ് ഭാരവാഹി പട്ടിക തയ്യാറാക്കിയതെന്ന് സുധീരനും മുല്ലപ്പള്ളിയും പരാതി പറഞ്ഞതോടെ കാര്യങ്ങൾ വീണ്ടും പഴയപടിയായി. എം പി വിൻസെൻ്റ്, രാജീവൻ മാസ്റ്റർ എന്നിവരെ പട്ടികയിലുൾപ്പെടുത്തുന്നതിൽ തർക്കം മുറുകി.. ഇവർക്ക് വേണ്ടി മാത്രം ഇളവ് നൽകാൻ കഴിയില്ലെന്ന് ഗ്രൂപ്പ് നേതാക്കൾ ഉറച്ച നിലപാട് സ്വീകരിച്ചു. രാജീവന്‍ മാസ്റ്റര്‍, എം പി  വിന്‍സന്‍റ് എന്നീ മുന്‍ ഡിസിസി അധ്യക്ഷന്മാരെ ഒഴിവാക്കിയാണ് പട്ടിക  ഹൈക്കമാന്‍ഡിന് കൈമാറിയത്.

അതേസമയം,, കെപിസിസി പുനഃസംഘടനയിൽ മാനദണ്ഡങ്ങള്‍ അട്ടിമറിക്കാന്‍ ഇടപെട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വിശദീകരിച്ചു. ഒറ്റ ദിവസം കൊണ്ട് പൊട്ടി വീണ നേതാവല്ല താനെന്നും അനധികൃതമായ ഒരിടപെടലും നടത്തിയിട്ടില്ലെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. വേണുഗോപാലിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തി.

പാര്‍ട്ടി പുനസംഘടനകളില്‍ എഐസിസി ജനറല്‍ സെക്രട്ടറി ഇഷ്ടക്കാര്‍ക്കായി കൈകടത്തുന്നുവെന്ന ഗ്രൂപ്പുകളുടെ വിമര്‍ശനത്തിന് മറുപടിയുമായാണ് കെ സി വേണുഗോപാല്‍ രംഗത്തെതിയത്. പുനസംഘടനയിൽ പൂർണമായും സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനമാണ് നടപ്പാക്കുന്നതെന്നും അവർ നൽകുന്ന പേര് എത്രയും പെട്ടെന്ന് അംഗീകരിച്ചു നൽകുക എന്നത് മാത്രമാണ് തൻ്റെ ചുമതലയെന്നും കെ.സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്ലാം തൻ്റെ തലയിൽ വയ്ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കെസി വേണുഗോപാൽ തുറന്നടിച്ചു.

click me!