
തിരുവനന്തപുരം: ഡിജിപിയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വേട്ടയാടാനുള്ള നീക്കത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന് കെപിസിസി. മോദിക്കും പിണറായിക്കും ഒരേ ശൈലിയാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. വിവാദത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
പോസ്റ്റല്‍ വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് പൊലീസ് മേധാവിക്കെതിരെ മുല്ലപ്പള്ളി നടത്തിയ പരാമര്‍ശത്തിന്‍റെ പേരിലാണ് അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യാന്‍ ലോക്നാഥ് ബെഹ്റക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ ബെഹ്റ പെരുമാറുന്നു എന്നായിരുന്നു മുല്ലപ്പള്ളിയുടെ കുറ്റപ്പെടുത്തല്‍. പ്രോസിക്യൂഷന്‍ അനുമതി കിട്ടിയതിനെക്കുറിച്ച് മാധ്യമങ്ങളില്‍ കണ്ട അറിവ് മാത്രമേയുള്ളുവെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
മോദി സർക്കാരിന്‍റെ ഫാസിസവും അസഹിഷ്‌ണുതയും പിണറായി സർക്കാരും പിന്തുടരുന്നതിന്റെ വ്യക്തമായ സൂചനയാണ് പ്രോസിക്യൂഷന്‍ അനുമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. രാഷ്ട്രീയ വിമര്‍ശനത്തിന്‍റെ പേരില്‍ കേസെടുക്കാനുള്ള നീക്കത്തിനെതിരെ എ കെ ആന്റണിയും കെ സി വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷുമടക്കം നിരവധി നേതാക്കള്‍ പ്രതിഷേധമറിയിച്ചു.
മുല്ലപ്പള്ളിക്ക് പിന്തുണയുമായി ലീഗ് നേതാക്കളും രംഗത്തെത്തി. മാനനഷ്ടക്കേസുകൾ ഒറ്റ സംഭവം കൊണ്ട് അവസാനിക്കില്ലെന്നും ഭരണകക്ഷിയുടെ അഭിപ്രായം അറിഞ്ഞതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്നും പി കെ കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam