മോദി അനുകൂല പരാമർശവും തുടർ വിവാദങ്ങളും അടഞ്ഞ അധ്യായം: ശശി തരൂർ

By Web TeamFirst Published Aug 31, 2019, 9:08 PM IST
Highlights

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത് ആദ്യമായല്ലെന്നും തന്‍റെ പോസ്റ്റിനെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും തരൂർ.

തിരുവനന്തപുരം: മോദി അനുകൂല പരാമർശവും തുടർ വിവാദങ്ങളും അടഞ്ഞ അധ്യായമെന്ന് ശശി തരൂർ എം പി. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത് ആദ്യമായല്ലെന്നും തന്‍റെ പോസ്റ്റിനെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും തരൂർ വ്യക്തമാക്കി. ' പന്നിയുമായി ഒരിക്കലും മൽപ്പിടുത്തതിന് നിൽക്കരുത്. പന്നിക്ക് അതിഷ്ടമാകുമെങ്കിലും നിങ്ങളുടെ ദേഹത്ത് ചെളി പറ്റും '. എന്നായിരുന്നു ബര്‍ണാഡ് ഷായുടെ വാക്കുകള്‍ കടമെടുത്ത് കൊണ്ടുള്ള തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

മോദി സ്തുതിയുമായി ബന്ധപ്പെട്ട വിവാദം ഒഴിവാക്കണമെന്ന കെപിസിസി നിര്‍ദ്ദേശം മറകടന്ന് ഇന്ന് രാവിലെ കെ മുരളീധരന്‍ തരൂരിനെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ജനവികാരമാണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് വിജയത്തിനു കാരണമെന്നും ഓക്സ്ഫോഡ് ഇംഗ്ലീഷ് അറിയാത്ത ചാള്‍സ് മൂന്നുതവണ ഇവിടെ നിന്ന് ജയിച്ചിട്ടുണ്ടെന്നുമായിരുന്നു മുരളീധരന്‍റെ പരിഹാസം.

സുനന്ദ പുഷ്ക‌ർ കേസ്

സുനന്ദ പുഷ്ക‍ർ കേസിനെക്കുറിച്ച് നിലവിൽ പ്രതികരിക്കാനില്ലെന്നും തരൂർ പറഞ്ഞു. സുനന്ദ പുഷ്കർ കേസിൽ ദില്ലി പൊലീസിന്‍റെ വാദം ഇന്നാണ് പൂ‌ർത്തിയായത്. 

മുല്ലപ്പള്ളിക്കെതിരായ കേസ്

ഡിജിപിയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി നല്‍കിയ നടപടിക്കെതിരെയും ശശി തരൂ‌‌ർ നിലപാടെടുത്തു. കെപിസിസി പ്രസിഡന്‍റ് നടത്തിയത് രാഷ്ട്രീയ പരാമർശം മാത്രമാണെന്നും അതിനെതിരെ കേസെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും തരൂർ വ്യക്തമാക്കി. സിപിഎം ബ്രാഞ്ച് സെക്രട്ടറിയെന്നത് അത്ര മോശം പദമല്ലെന്നും തരൂർ പറഞ്ഞു.

click me!