'കേഡർ എന്തന്നറിയാത്തവരെ പഠിപ്പിക്കും, ഡിസിസി അധ്യക്ഷൻമാരെ വിലയിരുത്തും'; സ്വയം വിമർശനവുമായി കെ സുധാകരൻ

By Web TeamFirst Published Sep 17, 2021, 12:03 PM IST
Highlights

ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റാത്ത ഡിസിസി അധ്യക്ഷൻമാർക്ക് പുറത്ത് പോവേണ്ടി വരും. ആറ് മാസത്തിന് ശേഷം  അധ്യക്ഷൻമാരുടെ പ്രവർത്തനം വിലയിരുത്തുമെന്നും സുധാകരൻ പറഞ്ഞു. 

കൊച്ചി: കോൺ​ഗ്രസിന്റെ അവസ്ഥയെ സ്വയം വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സംസ്ഥാനത്ത് പാർട്ടിയുടെ 54 ശതമാനം ബൂത്ത് കമ്മിറ്റികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. കോൺ​ഗ്രസിന്റെ ദൗർബല്യം പഠിക്കാൻ രണ്ട് സർവ്വേകൾ നടത്തി. ഇനിയൊരു തിരിച്ചടി കൂടി താങ്ങാൻ കോൺഗ്രസിന് കഴിയില്ല. പ്രവർത്തിച്ച് പാർട്ടിയെ വീണ്ടെടുത്തേ പറ്റൂ എന്നും സുധാകരൻ പറഞ്ഞു. 

പാർട്ടി വിട്ട നേതാക്കൾക്കെതിരെ രൂക്ഷവിമർശനമാണ് സുധാകരൻ നടത്തിയത്. ഒറ്റയന്മാരായി പ്രവർത്തിക്കുന്ന കള്ളനാണയങ്ങൾ ആണ് പാർട്ടി വിട്ടത്. ഈ കള്ളനാണയങ്ങളെ ചുമക്കാൻ പാർട്ടിക്ക് കഴിയില്ല. കോഴിക്കോട് ഡി സി സി അധ്യക്ഷനാക്കണം എന്ന് കെ പി അനിൽകുമാർ തന്നോട്  ആവശ്യപ്പെട്ടിരുന്നു. ഒരു നക്കിപ്പൂച്ച പോലും അനിൽകുമാറിനെ അധ്യക്ഷനാക്കണം എന്ന് തന്നോട് പറഞ്ഞില്ലെന്നും സുധാകരൻ ആരോപിച്ചു. 

പാർട്ടിയുടെ മുതിർന്ന നേതാക്കളെ സമൂഹമാധ്യമങ്ങളിൽ അപമാനിക്കുന്നവർക്കെതിരെ നടപടി വേണ്ടി വരും. പാർട്ടിയെ അനാവശ്യമായി വിമർശിച്ചാൽ അച്ചടക്കത്തിന്റെ വാള് വരും. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി, ദൗർബല്യങ്ങൾ പഠിക്കാൻ രണ്ട് സർവേകൾ നടത്തി. എറണാകുളത്ത് സർവേ നടന്നു വരികയാണ്. കേഡർ എന്തന്നറിയാത്തവരെ അത് പഠിപ്പിക്കും. അടി മുതൽ മുടി വരെ മാറ്റം  ഉദ്ദേശിക്കുന്നതുകൊണ്ടാണ് പുനസംഘടന വൈകുന്നത്.  ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റാത്ത ഡിസിസി അധ്യക്ഷൻമാർക്ക് പുറത്ത് പോവേണ്ടി വരും. ആറ് മാസത്തിന് ശേഷം  അധ്യക്ഷൻമാരുടെ പ്രവർത്തനം വിലയിരുത്തുമെന്നും സുധാകരൻ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!