
തിരുവനന്തപുരം: പാലക്കാട് കൊലപാതകങ്ങളുടെ പാശ്ചാത്തലത്തില്‍ പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെപിസിസി പ്രസിഡന്‍റിന്‍റെ ഈ ആവശ്യം. നാണവും മാനവും രാഷ്ട്രീയ ധാർമികതയും ഉണ്ടെങ്കിൽ ഇനിയും കടിച്ചു തൂങ്ങിക്കിടക്കാതെ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കാൻ പിണറായി വിജയൻ തയ്യാറാകണം.
അതിന് മടി കാണിച്ചാൽ ആഭ്യന്തര മന്ത്രിയെ മാറ്റാൻ ഉള്ള ധൈര്യം സിപിഎം സംസ്ഥാന കമ്മിറ്റി കാണിക്കണം.കാരണം പിണറായി വിജയന്‍റെ അധികാര മോഹത്തേക്കാൾ വലുതാണ് കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും സമാധാനവും എന്ന് കെ സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
എസ്ഡിപിഐ-യെയും ആർഎസ്എസ്-നെയും നിയന്ത്രിക്കാൻ പിണറായി വിജയന് കഴിവില്ല എന്ന് കോടിയേരി ബാലകൃഷ്ണൻ പരോക്ഷമായി വ്യക്തമാക്കിയിരിക്കുന്നു. മൂന്ന് വർഷത്തിനിടെ 1065 കൊലപാതകങ്ങൾ നടന്നുവെന്ന് മാധ്യമങ്ങൾ പറയുന്നു.
പെറ്റിയടിക്കാനും കുറ്റിയടിക്കാനും മാത്രമായി കേരള പോലീസിനെ ഭരണകൂടം അധ:പതിപ്പിച്ചിരിക്കുന്നു. ഒരു വകുപ്പ് പോലും നേരേ ചൊവ്വേ ഭരിക്കാനറിയാത്ത മനുഷ്യനെയാണ് കോടികൾ മുടക്കി പരസ്യം ചെയ്ത് കഴിവുള്ളവനാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. എഴുതിക്കൊടുക്കുന്ന ചോദ്യങ്ങളുമായി ചെന്ന് പഞ്ചപുച്ഛമടക്കി പിണറായി വിജയന്‍റെ നാടകത്തിന് കൂട്ടുനിന്ന മാധ്യമങ്ങൾക്കും കേരളത്തിന്‍റെ ദുരവസ്ഥയിൽ പ്രധാന പങ്ക് ഉണ്ട്.
ഇപ്പോൾ പോലും മുഖ്യമന്ത്രിയോട് ശക്തമായ ചോദ്യങ്ങൾ ചോദിക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല. ശരിയായ പത്ര സമ്മേളനങ്ങളെ അഭിമുഖീകരിക്കാൻ കഴിവില്ലാത്ത ആളാണ് പിണറായി വിജയൻ എന്ന സത്യം ജനം തിരിച്ചറിയരുതെന്ന് മാധ്യമങ്ങളിലെ സിപിഎം താരാട്ടുപാട്ടുകാർക്ക് നിർബന്ധമുണ്ട്.
ഒന്നോർക്കുക, ജാതി-മത- വർഗീയ ശക്തികളെ തരാതരം പോലെ പ്രീണിപ്പിച്ച് അധികാരം നിലനിർത്താൻ പിണറായി വിജയന് കഴിഞ്ഞിട്ടുണ്ടാകാം.പക്ഷേ ജനങ്ങളെ വർഗ്ഗീയമായി തമ്മിലടിപ്പിച്ച് ഭരണകൂടത്തിൻ്റെ കഴിവുകേടുകളിൽ നിന്ന് ശ്രദ്ധ തിരിക്കാമെന്ന് പിണറായി വ്യാമോഹിക്കേണ്ട.
നാണവും മാനവും രാഷ്ട്രീയ ധാർമികതയും ഉണ്ടെങ്കിൽ ഇനിയും കടിച്ചു തൂങ്ങിക്കിടക്കാതെ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കാൻ പിണറായി വിജയൻ തയ്യാറാകണം. അതിന് മടി കാണിച്ചാൽ ആഭ്യന്തര മന്ത്രിയെ മാറ്റാൻ ഉള്ള ധൈര്യം സിപിഎം സംസ്ഥാന കമ്മിറ്റി കാണിക്കണം.കാരണം പിണറായി വിജയന്‍റെ അധികാര മോഹത്തേക്കാൾ വലുതാണ് കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും സമാധാനവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam